
വിയന്ന: താൻ പ്രണയിച്ച വ്യക്തിയുമൊത്തുള്ള വൈവാഹിക ജീവിതം ഏതൊരാളിന്റേയും സുന്ദര സ്വപ്നമാണ്. എന്നാൽ, വിവാഹാഭ്യർത്ഥന സ്വീകരിച്ച് നിമിഷങ്ങൾക്കുള്ളിൽ മരണതുല്യമായ അനുഭവങ്ങൾ നേരിടേണ്ടി വന്നാലോ?. അത്തരത്തിലൊരു അനുഭവമാണ് ആസ്ട്രിയൻ സ്വദേശികളായ യുവാവിനും യുവതിയ്ക്കുമുണ്ടായത്.
ക്യാരിന്തിയയിലെ ഫാൽകെർട്ട് പർവതത്തിൽ വച്ചാണ് 27കാരനായ യുവാവ് 32കാരിയായ തന്റെ പ്രണയിനിയോട് വിവാഹാഭ്യർത്ഥന നടത്തിയത്. ട്രെക്കിംഗിനൊടുവിലായിരുന്നു വിവാഹാഭ്യർത്ഥന. പർവതമുനമ്പിൽ നിൽക്കുകയായിരുന്ന യുവതി സമ്മതവും മൂളി. എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ യുവതി കാൽ വഴുതി 650 അടി താഴേക്ക് പതിച്ചു. യുവതിയെ രക്ഷിക്കാനായി മുന്നോട്ടാഞ്ഞ യുവാവും 50 അടി താഴ്ചയിലേക്ക് വീണു.
ഭാഗ്യവശാൽ, ഇരുവരും ഗുരതര പരിക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടു. വീഴ്ച മഞ്ഞിന്റെ മുകളിലേക്കായിരുന്നതാണ് യുവതിയ്ക്ക് രക്ഷയായത്. സമീപത്തുള്ള ഒരു സത്രത്തിന്റെ ഉടമയാണ് യുവതിയെ കണ്ടെത്തിയത്. യുവാവിന് നട്ടെല്ലിന് ചെറിയ പരിക്കുള്ളതൊഴിച്ചാൽ വേറെ ഗുരുതര പ്രശ്നങ്ങളൊന്നുല്ലെന്ന്  പൊലീസ് അറിയിച്ചു. ഹെലികോപ്ടറിന്റെ സഹായത്താലാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പേര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.