മുംബയ് : കേന്ദ്ര സർക്കാർ ഇളവ് നൽകിയില്ലെങ്കിൽ ഈ വർഷത്തെ ട്വന്റി-20 ലോകകപ്പ് നടത്തിപ്പിനായി നികുതിയായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് 906 കോടിയോളം രൂപ അടയ്ക്കേണ്ടി വരും. സർക്കാർ ഭാഗിക ഇളവു നൽകാൻ തയ്യാറായാൽപ്പോലും 227 കോടിയോളം അടയ്ക്കണം.
നികുതിയിളവിനായുള്ള ബി.സി.സി.ഐയുടെ അപേക്ഷയിൽ കേന്ദ്ര സർക്കാർ ഇനിയും തീരുമാനം അറിയിക്കാത്തതിനാൽ ഈ വർഷത്തെ ട്വന്റി-20 ലോകകപ്പിന്റെ റിസർവ് വേദിയായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ യു.എ.ഇയെ നിശ്ചയിച്ചു. നികുതിയളവ് നേടിയെടുക്കുന്നതിൽ ബി.സി.സി.ഐ പരാജയപ്പെട്ടാൽ ലോകകപ്പ് യു.എ.ഇയ്ക്ക് പോകുമെന്ന് അർഥം.
ബി.സി.സി.ഐയുടെ അപേക്ഷ ദീർഘനാളായി കേന്ദ്ര ധനകാര്യവകുപ്പിന്റെ മേശപ്പുറത്താണ്. നികുതിയിളവിന്റെ കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കുന്നതിന് 2019 ഡിസംബർ 31, 2020 ഡിസംബർ 31 എന്നീ തീയതികൾ സമയപരിധിയായി ഐസിസി നിശ്ചയിച്ചിരുന്നു. പിന്നീട ഇത് നീട്ടിനൽകിയിട്ടും അന്തിമ തീരുമാനം അറിയിക്കാൻ ബി.സി.സിഐയ്ക്ക് കഴിഞ്ഞിട്ടില്ല.
ഇപ്പോൾ ബി.സി.സി.ഐയ്ക്ക് മുന്നിൽ ഐ.സി.സി രണ്ട് സാധ്യതകളാണ് വച്ചിരിക്കുന്നത്. ഒന്ന് : ലോകകപ്പ് നടത്തിപ്പ് അവകാശം യു.എ.ഇയ്ക്ക് നൽകുക. രണ്ട് : നികുതിയിളവ് നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ അതിന്റെ ഭാരം ബിസിസിഐ സ്വയം വഹിക്കുക. ഇളവ് ഒട്ടും ലഭിച്ചില്ലെങ്കിൽ 906.33 കോടി രൂപയും ഭാഗിക ഇളവു ലഭിച്ചാൽ 226.58 കോടി രൂപയുമാണ് ഇത്തരത്തിൽ ബിസിസിഐ കേന്ദ്ര സർക്കാരിന് നൽകേണ്ടി വരിക.
2011 ലോകകപ്പിന്റെ സമയത്തും നികുതിയിളവിനായുള്ള ബി.സി.സി.ഐയുടെ അപേക്ഷയിൽ തീരുമാനമെടുക്കുന്നത് സർക്കാർ വൈകിപ്പിച്ചിരുന്നു. ഐസിസി നൽകിയ സമയപരിധിക്കു തൊട്ടുമുൻപാണ് നികുതിയിളവ് അനുവദിച്ചത്. അതേസമയം 2016ലെ ട്വന്റി20 ലോകകപ്പിന് നരേന്ദ്ര മോദി സർക്കാർ 10 ശതമാനം നികുതിയിളവ് മാത്രമാണ് അനുവദിച്ചത്. ഇതേത്തുടർന്ന് ടൂർണമെന്റിന്റെ ലാഭ വിഹിതത്തിൽ ബിസിസിഐയ്ക്ക് ലഭിക്കേണ്ട തുകയിൽ ഐ.സി.സി വലിയ കുറവു വരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നം ഇപ്പോഴും പരിഹരിച്ചിട്ടുമില്ല.