വാഷിംഗ്ടൺ: അമേരിക്കയിൽ ഗർഭിണിയെ കൊന്നു വയറ് കീറി കുഞ്ഞിനെ പുറത്തെടുത്ത കേസിലെ പ്രതിയായ ലിസ മോണ്ട്‌ഗോമറിയുടെ വധശിക്ഷ 12ന്. ജയിൽ വകുപ്പ് തീരുമാനം അനുസരിച്ച് 12ന് ശിക്ഷ നടപ്പാക്കാമെന്ന് യുഎസ് ഫെഡറൽ അപ്പീൽ കോടതി വിധിച്ചു. ഇതോടെ വധശിക്ഷയെ ശക്തമായി എതിർക്കുന്ന ജോ ബൈഡൻ പ്രസിഡന്റ് പദവിയിൽ എത്തുന്നതിന് മുൻപ് തന്നെ ലിസയുടെ ശിക്ഷ നടപ്പാകാനാണ് വഴിയൊരുങ്ങിയിരിക്കുന്നത്.
ലിസയുടെ വധശിക്ഷ ഡിസംബറിൽ നിന്ന് മാറ്റിയ കീഴ്‌ക്കോടതി നടപടി തെറ്റാണെന്ന് മൂന്നംഗ ജഡ്ജ് പാനൽ വിധിച്ചു. ഇന്ത്യാനയിലെ ഫെഡറൽ കറക്ഷണൽ സെന്ററിൽ ഡിസംബറിലാണ് ലിസയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ലിസയുടെ അഭിഭാഷകന് കൊവിഡാണെന്നു ചൂണ്ടിക്കാട്ടിയാണു ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചത്.
അപ്പീൽ നൽകുമെന്ന് ലിസയുടെ അഭിഭാഷകൻ അറിയിച്ചു. ശിക്ഷ നടപ്പായാൽ 70 വർഷത്തിനിടെ ആദ്യമായി വധശിക്ഷയ്ക്കു വിധേയയാക്കപ്പെടുന്ന വനിതയാകും ലിസ. 1953ൽ ബോണി ഹെഡി എന്ന വനിതയുടെ വധശിക്ഷയാണ് അവസാനം നടപ്പാക്കിയത്.
എട്ടുമാസം ഗർഭിണിയും 23കാരിയുമയായ ബോബി ജോ സ്റ്റിനെറ്റിനെ 2004ൽ ശ്വാസം മുട്ടിച്ച് കൊന്ന് അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ട് വയറ് കീറി കുഞ്ഞിനെ പുറത്തെടുത്തു കടന്നുകളഞ്ഞ കേസിലാണ് ലിസയ്ക്കു വധശിക്ഷ വിധിച്ചത്. കുഞ്ഞിനെ പിന്നീടു പൊലീസ് രക്ഷപ്പെടുത്തി പിതാവിനു കൈമാറി. 2007ൽ ലിസ കുറ്റക്കാരിയാണെന്നു കണ്ടെത്തിയ കോടതി അവർക്കു വധശിക്ഷ വിധിക്കുകയായിരുന്നു.