bird-flu

ഭോപ്പാൽ: രാജസ്ഥാനിലെ വിവിധയിടങ്ങളിൽ കൂട്ടമായി ചത്ത കാക്കകളിൽ പക്ഷിപ്പനി വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. രാജസ്ഥാനിലെ കോട്ടയിലും ബാരനിലും ഝാലാവാഡിലുമായി 200 ലധികം കാക്കകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ചത്തൊടുങ്ങിയത്. നീലപ്പൊൻമാനുകളും മറ്റു വർഗത്തിൽപെട്ട പക്ഷികളും പലയിടങ്ങളിലും ചത്തതായി റിപ്പോർട്ടുകളുണ്ട്.

'ഇതുവരെ കോട്ടയിൽ 47 കാക്കകളാണ് ചത്തത്, ഝാലാവാഡിൽ 100ഉം ബാരാണിൽ 72 ഉം കാക്കകൾ ചത്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും ബോധവത്കരണത്തിനും വേണ്ട നടപടികളെടുക്കുമെന്ന്' രാജസ്ഥാൻ പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞു.

പക്ഷിപ്പനിയെത്തുടർന്ന് ഝാലാവാഡിൽ കൺട്രോൾ റൂമുകൾ തുറന്നു. പ്രദേശത്ത് പനിലക്ഷണങ്ങളുള്ളവരെ തിരിച്ചറിയാനുള്ള ശ്രമവും ആരംഭിച്ചു.

പക്ഷിപ്പനി മരണം റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മദ്ധ്യപ്രദേശിലെ ഇൻഡോറിലും 50ഓളം കാക്കകളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇവയുടെ സാമ്പിൾ പരിശോധിച്ചതിൽ ചിലതിൽ എച്ച് 5 എൻ 8 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇവിടെ ജനങ്ങളിൽ പരിശോധന തുടങ്ങി. കൊവിഡ് വലിയ ആഘാതം സൃഷ്ടിച്ച മേഖലകളിലൊന്നാണ് മദ്ധ്യപ്രദേശിലെ ഇൻഡോർ.