കൊച്ചി: സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം മൂലം നികുതി വരുമാനം കുത്തനെ കുറഞ്ഞ പശ്ചാത്തലത്തിൽ പൊതുമേഖലാ ഓഹരികൾ വിറ്റഴിച്ച് പരിഹാരം കാണാമെന്ന കേന്ദ്ര മോഹം പൊലിയുന്നു. സമ്പദ്ഞെരുക്കത്തിന് പിന്നാലെ ആഞ്ഞടിച്ച കൊവിഡും മൂലം ഓഹരി വില്പനയ്ക്ക് അനുകൂല സാഹചര്യം ഇല്ലാതായതാണ് സർക്കാരിന് തിരിച്ചടിയാകുന്നത്. നടപ്പുവർഷം (2020-21) ബഡ്‌ജറ്റിൽ പൊതുമേഖലാ ഓഹരി വില്പനയിലൂടെ 2.14 ലക്ഷം കോടി രൂപ കണ്ടെത്താനാണ് ധനമന്ത്രാലയം ലക്ഷ്യമിട്ടത്. മൂന്നുപാദങ്ങൾ (ഏപ്രിൽ മുതൽ ഡിസംബർ വരെ) പിന്നിട്ടെങ്കിലും ഇതിന്റെ 5.14 ശതമാനം (11,006.27 കോടി രൂപ) മാത്രം സമാഹരിക്കാനേ സർക്കാരിന് കഴിഞ്ഞുള്ളൂ.
2019-20ൽ സമാഹരണം 67,000 കോടി രൂപയായിരുന്നു. ഇതിന്റെ മൂന്നിരട്ടിയാണ് നടപ്പുവർഷത്തെ ലക്ഷ്യം. ഇനിയൊരു പാദം (ജനുവരി-മാർച്ച്) മാത്രമേ ശേഷിക്കുന്നുള്ളൂ എന്നതിനാലും സമ്പദ്‌പ്രതിസന്ധിയിൽ നിന്ന് രാജ്യം മുക്തമായിട്ടില്ലാത്തതിനാലും ലക്ഷ്യം കാണുക സർക്കാരിന് പ്രയാസമാണ്.
കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അടുത്ത സാമ്പത്തിക വർഷത്തേക്കായി ഉടൻ അവതരിപ്പിക്കുന്ന ബഡ്‌ജറ്റിലും പ്രധാന വരുമാന സ്രോതസായി ഉയർത്തിക്കാട്ടുക പൊതുമേഖലാ ഓഹരി വില്പനയായിരിക്കും.
നടപ്പുവർഷം സർക്കാർ ലക്ഷ്യമിടുന്ന 2.14 ലക്ഷം കോടി രൂപയിൽ 1.20 ലക്ഷം കോടി രൂപയും സമാഹരിക്കാൻ ഉദ്ദേശിക്കുന്നത് ബി.പി.സി.എൽ, ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, ബെമൽ, ഐ.ആർ.സി.ടി.സി., എയർ ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ചാണ്. എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പന, ഐ.ഡി.ബി.ഐ ഓഹരി വില്പന എന്നിവയിലൂടെ 90,000 കോടി രൂപയും ഉന്നമിടുന്നു. ബി.പി.സി.എൽ., എയർ ഇന്ത്യ, ബെമൽ തുടങ്ങിയവയുടെ ഓഹരി വില്പന നടപടികളിലേക്ക് സർക്കാർ കടന്നുകഴിഞ്ഞു.