ന്യൂഡൽഹി: രാജ്യത്ത് ആദ്യം വിതരണം ചെയ്യുക സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീൽഡ് വാക്‌സിനാകുമെന്ന് എയിംസ് മേധാവി ഡോ. റൺദീപ് ഗുലേറിയ. അടിയന്തര സാഹചര്യമുണ്ടാവുകയോ രോഗികളുടെ എണ്ണം വർദ്ധിക്കുകയോ ചെയ്‌താൽ മാത്രം ഒരു ബാക്ക് അപ്പെന്ന നിലയിൽ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ ഉപയോഗിക്കുമെന്നും ഗുലേറിയ പറഞ്ഞു.
"ഇത് നമ്മുടെ രാജ്യത്തിന് ഒരു മികച്ച ദിവസമാണ്, പുതുവർഷം ആരംഭിക്കുന്നതിനുള്ള മികച്ച മാർഗമാണിത്. രണ്ട് വാക്‌സിനുകളും ഇന്ത്യയിൽ നിർമ്മിച്ചതാണ്. ഇത് ചിലവ് കുറഞ്ഞതും ഉപയോഗപ്രദവുമാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വാക്‌സിൻ പുറത്തിറക്കും." ഡോ. റൺദീപ് ഗുലേറിയ പറഞ്ഞു.
സെറം ഇൻസ്റ്റിറ്റ്യൂട്ട് 50 മില്യൺ ഡോസുകൾ ഇതിനോടകം തന്നെ തയ്യാറാക്കി കഴിഞ്ഞുവെന്നും ആദ്യ ഘട്ടത്തിൽ മൂന്ന് കോടി ആളുകൾക്ക് ഇതിലൂടെ വാക്‌സിൻ ലഭ്യമാക്കുമെന്നും ഗുലേറിയ പറഞ്ഞു. കൊവിഷീൽഡ് വാക്‌സിൻ എത്രത്തോളം ഫലപ്രദമാണെന്ന് കൃത്യമായി വിലയിരുത്താൻ സാധിക്കാത്തതിനാൽ കൊവാക്‌സിൻ ബാക്ക് അപ്പ് എന്ന രീതിയിലാകും ഉപയോഗിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി കൊവിഷീൽഡ്, കൊവാക്‌സിൻ എന്നീ കൊവിഡ് വാക്‌സിനുകൾക്ക് ഡ്രഗ്‌സ് കൺട്രോളർ ജനറൽ അനുമതി നൽകിയതിന് പിന്നാലെയാണ് എയിംസ് മേധാവി ഇക്കാര്യം വ്യക്തമാക്കിയത്.