ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കരാക് ജില്ലയിലെ പരമഹംസ ജി മഹാരാജിൻെറ സമാധി സ്ഥലമുൾകൊള്ളുന്ന ക്ഷേത്രം തകർത്ത കേസിൽ 10 പേർകൂടി അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 55 ആയി. 50ഓളം പേർക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമി സംഘത്തിലെ കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണ്. ക്ഷേത്രത്തിന് നേരെ ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. ക്ഷേത്ര വിപുലീകരണത്തിനെതിരെ പ്രതിഷേധവുമായി എത്തിയവരാണ് അക്രമത്തിന് പിന്നിൽ. ജംഇയ്യതുൽ ഉലമായെ ഇസ്ലാം നേതാവ് റഹ്മത്ത് സലാം ഖട്ടക് അടക്കമുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു. ക്ഷേത്ര ആക്രമണത്തെ മനുഷ്യാവകാശ പ്രവർത്തകരും ന്യൂനപക്ഷ ഹിന്ദു സമുദായ നേതാക്കളും ശക്തമായി അപലപിച്ചിരുന്നു.