covaxin

ന്യൂഡൽഹി: കൊവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്ക്. മൂന്നാംഘട്ട പരീക്ഷണം ആദ്യം നടത്തിയത് കൊവാക്‌സിനാണെന്നും സുരക്ഷയും രോഗപ്രതിരോധ ഫലങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും ഭാരത് ബയോ ടെക് വ്യക്തമാക്കി.

മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നവംബർ പകുതിയോടെ ആരംഭിച്ചിരുന്നു. ഒന്ന്, രണ്ട് ഘട്ടങ്ങളിൽ ആയിരത്തിലധികം വിഷയങ്ങളിൽ വിലയിരുത്തി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ എല്ലാം കൊവാക്‌സിൻ പാലിക്കുന്നതായും ഭാരത് ബയോടെക് അറിയിച്ചു.

ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ ഇന്ത്യയുടെ ശാസ്ത്രരംഗത്തെ നാഴികക്കല്ലാണ്. ഐ.സി.എം.ആർ, എൻ.ഐ.വി, ഭാരത് ബയോടെക് എന്നിവ സംയുക്തമായാണ് വാക്‌സിൻ വികസിപ്പിച്ചത്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ ശുപാർശയും ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതിയും ഭാരതത്തിലെ ശാസ്ത്രജ്ഞരുടെ കഴിവിനുള്ള അംഗീകാരമാണെന്നും ഭാരത് ബയോടെക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണ ചൂണ്ടിക്കാണിച്ചു.

മൂന്നാംഘട്ട പരീക്ഷണം തുടരുന്ന കോവാക്‌സീൻ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതിനെതിരെ കോൺഗ്രസ് രംഗത്ത് വന്നിരുന്നു. പരീക്ഷണം പൂർത്തയാകാത്ത വാക്‌സീന് അനുമതി നൽകിയത് അപക്വവും അപകടരവുമാണെന്ന് ശശി തരൂർ എം.പി പറഞ്ഞു.