atal-tunnel

മണാലി: മഞ്ഞുവീഴ്ചയെത്തുടർന്ന് റോഹ്‌തങിലെ അടൽ തുരങ്കത്തിനരികിൽ കുടുങ്ങിയ 300 വിനോദ സഞ്ചാരികളെ ഹിമാചൽ പ്രദേശ് പൊലീസ് രക്ഷപ്പെടുത്തി.

ശനിയാഴ്ചയാണ് സംഘം തുരങ്കം കടന്ന് പോയത്. എന്നാൽ വൈകിട്ട് മഞ്ഞുവീഴ്ച ശക്തമായതോടെ ലാഹൗളിൽ അവർക്ക് വിശ്രമിക്കാൻ ഇടം ലഭിച്ചില്ല. ഇതോടെ മണാലിയിലേക്ക് തിരിച്ച അവർ പാതിവഴിയിൽ കുടുങ്ങുകയായിരുന്നു.

ലോക്കൽ പൊലീസ് കുളു പൊലീസുമായി സഹകരിച്ചാണ് വിനോദ സഞ്ചാരികൾക്കായി വാഹനങ്ങൾ ഏർപ്പാടാക്കിയത്. 48 സീറ്റുകളുള്ള ബസ്, 24 സീറ്റുകളുള്ള പൊലീസ് ബസ് എന്നിവയടക്കം 70 വാഹനങ്ങളിലായായിരുന്നു രക്ഷാപ്രവർത്തനം. ശനിയാഴ്ച വൈകിട്ടോടെ തുടങ്ങിയ രക്ഷാപ്രവർത്തനം ഇന്നലെ പുലർച്ചെ വരെ നീണ്ടു.

അർദ്ധരാത്രി 12.33 ഓടെ ആളുകളെ മണാലിയിലെ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചു. പ്രദേശത്ത് മറ്റ് വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്.

പ്രദേശത്ത് വരും ദിവസങ്ങളിലും മഞ്ഞ് വീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സമുദ്രനിരപ്പിൽനിന്നും 10,000 അടി (3,048 മീ) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കമാണിത്. ഒക്‌ടോബറിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിന് ശേഷം ഇത് വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരുന്നു.