ഹൈദരാബാദ്: ഹൈദരാബാദിലെ വഴിയോരത്ത് താമസിക്കുന്ന യുവാവ് ഒരു മാസം പ്രായമായ കുഞ്ഞിനെ 70,000 രൂപക്ക് വിറ്റു. മാതാവിന്റെ പരാതിയിൽ കുഞ്ഞിനെ കണ്ടെത്തി ശിശു ക്ഷേമ വകുപ്പ് ഏറ്റെടുത്തു.
ഒരാഴ്ച മുമ്പാണ് പിതാവ് കുഞ്ഞിനെ ഒരാൾക്ക് വിറ്റത്. കുഞ്ഞിനെ വിറ്റ് ഒരാഴ്ചക്ക് ശേഷം മാതാവ് പരാതിയുമായി ശിശുക്ഷേമ വകുപ്പിനെ സമീപിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച കുഞ്ഞിനെ കണ്ടെത്തി.
ഹൈദരാബാദിലെ നടപ്പാതയിലാണ് കുഞ്ഞിന്റെ മാതാപിതാക്കളുടെ താമസം. ചെറിയ ജോലികൾ ചെയ്തും ഭിക്ഷയെടുത്തുമായിരുന്നു ഇരുവരും ഉപജീവന മാർഗം തേടിയിരുന്നത്.
ഒരാഴ്ച മുമ്പ് കുഞ്ഞിനെ ആവശ്യപ്പെട്ട് ഒരാൾ പിതാവിനെ സമീപിക്കുകയായിരുന്നു. 70,000രൂപയും വാഗ്ദാനം ചെയ്തു. ഇതോടെ പിതാവ് കുഞ്ഞിനെ കൈമാറുകയായിരുന്നു. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.