ഇന്ത്യ ലോക ഉപഭോഗത്തിന്റെ മൂന്നിലൊന്ന് ഊർജമാണ് ഉപയോഗിക്കുന്നത്. ഞാൻ നേതൃത്വം നൽകുന്ന പെട്രോളിയം പ്രകൃതി വാതക മേഖലയെക്കുറിച്ച് പ്രത്യേകമായി പറയേണ്ടതുണ്ട്. കാലാവസ്ഥാവ്യതിയാനം കാരണം ഈ മേഖല പ്രതിസന്ധി നേരിടുകയാണ്. നമ്മൾ 85 ശതമാനം അസംസ്കൃത എണ്ണയും 56 ശതമാനം ഗ്യാസും ആഭ്യന്തര ഉപയോഗത്തിനായി ഇറക്കുമതി ചെയ്യുന്നു. മേഖലയിലെ പ്രതിസന്ധി ഇതുമായി ബന്ധപ്പെട്ട വിതരണത്തെയും ബാധിക്കും. ഈയൊരു സാഹചര്യത്തിൽ ജൈവ ഇന്ധനങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബയോഗ്യാസിൽ നിന്ന് രൂപപ്പെടുത്തിയ എത്തനോൾ മികച്ച ഫലമാണ് കാണിക്കുന്നത്. ഇത് ജൈവഡീസലായി ഉപയോഗിക്കാവുന്നതും കൃഷിക്കാരുടെ വരുമാനത്തിൽ മാറ്റം വരുത്താൻ സാധിക്കുന്നതുമാണെന്ന് തെളിയിച്ചതാണ്. ഊർജ ഇറക്കുമതി കുറയ്ക്കുന്നതിനും ഇതിലൂടെ കഴിയും. 2020ഓടെ പെട്രോളിൽ 20 ശതമാനം എത്തനോൾ ലയിപ്പിക്കണമെന്ന ലക്ഷ്യമാണുള്ളത്. 2030ൽ ഇത് 30 ശതമാനമായി വർദ്ധിപ്പിക്കാനാണ് ലക്ഷ്യം. ഇത് വാഹനങ്ങൾ കാർബൺ പുറത്തു വിടുന്നത് കുറയ്ക്കുന്നതിനു സഹായിക്കും.
2019ലെ റിപ്പബ്ലിക് ദിന പരേഡിൽ ചരിത്രത്തിൽ ആദ്യമായി 'വിക് ' ഫോർമേഷന് നേതൃത്വം നൽകിയ ഐ.എ.എഫ് വിമാനം പരമ്പരാഗത ഇന്ധനവും ജൈവഇന്ധനവും ഒരുമിച്ച് ഉപയോഗിച്ചു. ഇതര ഇന്ധന സ്രോതസുകൾ തേടാനുള്ള ഗവൺമെന്റിന്റെ ദൃഢനിശ്ചയത്തെയാണ് ഇതു കാണിച്ചു തരുന്നത്. ഇന്ത്യയിൽ എത്തനോൾ ഉത്പാദിപ്പിക്കുന്നത് കരിമ്പിൽ നിന്നാണ്. ഇതിന്റെ 90 ശതമാനത്തിലധികം വരുന്ന ഉപോത്പന്നങ്ങൾ മന്ത്രാലയത്തിന്റെ എത്തനോൾ ബ്ലെൻഡഡ് പെട്രോൾ (ഇ.ബി.പി) പദ്ധതി പ്രകാരമാണ് ഉത്പാദിപ്പിക്കുന്നത്. ഇത് കരിമ്പ് കർഷകർക്ക് സഹായമായും മാറുന്നുണ്ട്. കരിമ്പ് കൃഷിയെ വൈവിധ്യവത്കരിക്കാനും ഇത് സഹായിക്കുന്നു. ഈ പദ്ധതി രാജ്യത്ത് പഞ്ചസാരയുടെ ബാഹുല്യം കുറയ്ക്കുന്നതിനും സഹായകമാകും.
2013-14 ൽ 38 കോടി ലിറ്റർ ഉണ്ടായിരുന്ന എത്തനോൾ വിതരണം 2019ൽ 189 കോടി ലിറ്ററായി വർധിച്ചു. ഏകദേശം 350 കോടി ലിറ്റർ എത്തനോൾ കരിമ്പിൽ നിന്നും മറ്റ് ധാന്യങ്ങളിൽ നിന്നും ഈ വർഷം ലഭിക്കുമെന്നാണ് പ്രതീക്ഷ. കരിമ്പ് കൂടാതെ കേടുപാട് പറ്റിയ ധാന്യങ്ങളിൽ നിന്നും ശർക്കര - കരിമ്പിൻ പാനീയങ്ങളിൽ നിന്നും എത്തനോൾ ഉത്പാദിപ്പിക്കുന്നുണ്ട്. എണ്ണ വിതരണ കമ്പനികൾ (ഒ.എം.സി) നിശ്ചിത വിലയ്ക്ക് സാധനങ്ങൾ എടുക്കുമെന്ന ഉറപ്പുനൽകുന്നതിനാൽ, ഇത് കഴിഞ്ഞ ആറു വർഷങ്ങളിലായി പഞ്ചസാര മില്ലുകളിലൂടെയും ഡിസ്റ്റിലറികളിലുടെയും കരിമ്പ് കർഷകർക്ക് ഏകദേശം 35,000 കോടി രൂപ നേടിക്കൊടുത്തു. അടുത്തിടെ, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ അധികം വരുന്ന അരി എത്തനോൾ ഉത്പാദനത്തിനുള്ള അധിക സ്രോതസായി ഈ വർഷം മുതൽ ഉപയോഗിക്കാൻ തീരുമാനമെടുത്തത് കൃഷിക്കാർക്ക് ബദൽ വിപണി കണ്ടെത്താൻ സഹായകമാകും.
ജൈവഇന്ധന വിതരണ ശൃംഖലയുടെ ഘടകങ്ങൾ വർത്തുള ഗ്രാമീണ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കും. അത് പരിസ്ഥിതി സൗഹാർദവും സാമൂഹ്യ സാമ്പത്തിക ആരോഗ്യരംഗങ്ങളിൽ ഗുണപരമായതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കും. ഗ്രാമീണ സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകി ഒരു ലക്ഷം കോടി രൂപയുടെ ജൈവ ഇന്ധനം ഒ.എം.സികൾ സമീപഭാവിയിൽ തന്നെ വാങ്ങും. ഇത് കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കും. അന്താരാഷ്ട്ര കാലാവസ്ഥ പ്രതിബദ്ധതയും ആഭ്യന്തര ആവശ്യവും കണക്കിലെടുത്ത്, ഊർജ ലഭ്യതയ്ക്കാണ് പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നായി പ്രധാനമന്ത്രി നരേന്ദ്രമോദി ഊന്നൽ നൽകുന്നത്. അതിനാൽത്തന്നെ, അന്താരാഷ്ട്ര വ്യാപാരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ പാവപ്പെട്ടവരുടെ മനുഷ്യ വികസന സൂചികകൾ കൂടി ശക്തിപ്പെടുത്തുന്നതു ലക്ഷ്യമിട്ടാണ് എന്റെ മന്ത്രാലയത്തിന്റെ വീക്ഷണവും പ്രവർത്തനങ്ങളും.