ഡീപ് മൈൻഡ് എന്ന പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി 50 വർഷം പഴക്കമുള്ള ഒരു പ്രശ്നം പരിഹരിക്കുന്നതിൽ വിജയിച്ചു : അവരുടെ ആൽഫ ഫോൾഡ് 2 എന്ന സോഫ്ട്വെയർ ഒരു പ്രോട്ടീന്റെ ആകൃതി ഏതു രുപത്തിലുള്ളതായിരിക്കും എന്ന ചോദ്യത്തിനു ഉത്തരം കണ്ടുപിടിച്ചിരിക്കുന്നു. ജീവശാസ്ത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ഒരു ചോദ്യമാണിത്. എല്ലാ ജീവജാലങ്ങളുടെയും നിർമ്മിതിയുടെ അടിസ്ഥാനശില പ്രോട്ടീനാണ്. പതിനായിരക്കണക്കിന് അമിനോ ആസിഡ് തന്മാത്രകളുടെ ദീർഘമായ ചങ്ങലകളാണ് പ്രോട്ടീനുകൾ. 20 തരം വ്യത്യസ്ത അമിനോ ആസിഡുകൾ ഉണ്ട്. അതുകാരണം പ്രോട്ടീനുകളുടെ എണ്ണം വളരെ കൂടുതലായിരിക്കും.
ഏറ്റവും പ്രാധാന്യം പ്രോട്ടീന്റെ ആകൃതിക്കാണ്. ഒരു അമിനോ ആസിഡ് ഏതെങ്കിലും ഭാഗത്തേക്ക് മാറിയാലും വലിയ പ്രശ്നമില്ല. സമീപകാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശ്രദ്ധേയമായ നിരവധി വിജയങ്ങൾ കൈവരിച്ചിട്ടുണ്ട്. ഗോ (GO) എന്ന സുപ്രസിദ്ധ ഗെയിമിലെ ലോക ചാമ്പ്യനെ ഡീപ് മൈൻഡ് പരാജയപ്പെടുത്തി; ഒരാളുടെ കുറച്ചു രചനകളെ മാത്രം അടിസ്ഥാനമാക്കി Open AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) യുടെ GPT-3 ക്കു രചയിതാവ് എഴുതുന്നതുപോലെ പുസ്തകങ്ങൾ വരെ എഴുതാൻ കഴിയും.
എന്നാലും ഒരു കാര്യം നമ്മൾ ഓർക്കണം. ഒരു കാര്യത്തെക്കുറിച്ചും വ്യക്തമായ ധാരണയോടെയല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവർത്തിക്കുന്നത്. അത് അർത്ഥത്തെക്കുറിച്ചല്ല (semantics) വാക്യഘടനയെക്കുറിച്ചാണ് (syntax) പഠിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേവലം പരസ്പര ബന്ധത്തെക്കുറിച്ചുള്ള ഒരു സ്ഥിതിവിവര വിശകലനം നടത്തുകയാണ്, പിന്നിലുള്ള യാഥാർത്ഥ്യത്തെക്കുറിച്ച് അതിന് ഒരു ധാരണയുമില്ല. അതിനാൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചില പരിമിത മേഖലകളിൽ മാത്രം പ്രവർത്തിക്കുന്നു.
അപ്പോൾ സൗന്ദര്യശാസ്ത്രത്തിന്റ ചോദ്യമുണ്ട്. പ്രോട്ടീനിന്റെ ആകൃതിക്ക് പ്രാധാന്യമുണ്ടോ? മിക്കവാറും നമ്മളെല്ലാവരും സൗന്ദര്യബോധമുള്ളവരാണ്. നാം സൗന്ദര്യത്തെ വിലമതിക്കുന്നതിന് പരിണാമ മൂല്യമുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു, അല്ലെങ്കിൽ അത് ഉപയോഗശൂന്യമായ ഒരു സ്വഭാവമായി പണ്ടേ നഷ്ടപ്പെടുമായിരുന്നു. സൗന്ദര്യം, ഐച്ഛികമല്ല, മറിച്ച് അവിഭാജ്യമാണ്.
ഭാരത പാരമ്പര്യത്തിൽ സൗന്ദര്യശാസ്ത്രത്തിൽ രസങ്ങളെയും, വികാരങ്ങളെയും പ്രേരിപ്പിക്കുന്നതിൽ ഘടനയുടെ പ്രാധാന്യം വലുതാണ്; കൃത്യതയാണ് കർണാടക സംഗീതത്തിന്റെ മൂലക്കല്ലുകളിലൊന്ന്. മനുഷ്യ ശരീരത്തിലോ ചുറ്റുപാടിലോ ചില തരംഗങ്ങളായി പ്രതിധ്വനിക്കുന്ന സംസ്കൃത മന്ത്രങ്ങളുടെ കൃത്യമായ ഉച്ചാരണമാണ് മറ്റൊരു ഉദാഹരണം. കേരളത്തിൽ നിന്നുള്ള പാരമ്പര്യമായ ഋഗ്വേദത്തിന്റെ കൃത്യമായ ചൊല്ലൽ ഉറപ്പാക്കുന്നതിന് കൈ മുദ്രകൾ പിശക് തിരുത്തൽ കോഡുകളായി ഉപയോഗിക്കുന്നു.
മനോഹരമായതും കൃത്യതയുള്ളതുമായ ഒരു ഘടനയുടെ ഉദാഹരണമാണ് ശ്രീ ചക്രം. പ്രോട്ടീൻ ചുരുളലിന്റെ പശ്ചാത്തലത്തിൽ ആകൃതിക്കുള്ള പ്രസക്തിയാണ് പരമ്പരാഗതമായ ഈ സൗന്ദര്യബോധം വെളിപ്പെടുത്തുന്നത്. അമിനോ ആസിഡുകളുടെ ശൃംഖലയായ പ്രോട്ടീൻ സൃഷ്ടിക്കപ്പെടുമ്പോൾ അനന്തമായ ആകൃതികൾക്ക് സാദ്ധ്യതയുണ്ട്. പ്രപഞ്ചത്തിലെ ആറ്റങ്ങളുടെ എണ്ണത്തേക്കാൾ (10 ^ 80) കൂടുതലാണ് പ്രോട്ടീനുകൾ ചുരുണ്ടുകിടക്കുന്ന വഴികളുടെ എണ്ണം (10 ^ 300) .
ആൽഫഫോൾഡ് 2 സ്വന്തമായി അനുഭവസമ്പത്തിനെ അടിസ്ഥാനമാക്കി തെറ്റുകളും തിരുത്തലുകളും വഴി പ്രശ്നപരിഹാരം കണ്ടെത്തുന്ന ഒരു പഠനരീതി (ഹ്യൂറിസ്റ്റിക്സ് ) വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, പുതുതായി രൂപംകൊണ്ട പ്രോട്ടീന്റെ ഘടന എന്തായിരിക്കുമെന്ന് സ്ഥിതിവിവരക്കണക്കുകളുടെ (statistics) അടിസ്ഥാനത്തിൽ 90 ശതമാനം വരെ കൃത്യമായി പ്രവചിക്കാൻ കഴിയും. ഇതിനു വലിയ പ്രയോജനമുണ്ട്. ഉദാഹരണത്തിന്, കൊറോണ വൈറസ് ഒരു സാധാരണ കോശത്തിനെ (സെൽ) ആക്രമിക്കുന്ന രീതി നോക്കാം. വൈറസിന്റെ 'താക്കോൽ", കോശത്തിലെ ACE2 റിസപ്റ്ററിലെ 'താഴിന് " പാകമായി വരുമ്പോഴാണ് വൈറസ് കോശത്തിൽ പ്രവേശിക്കുന്നത് . മറ്റൊരു വിധത്തിൽ പറഞ്ഞാൽ, 'താക്കോൽ ദ്വാര" ത്തിനു പൊരുത്തപ്പെടുന്ന ഒരു ആകൃതി വൈറസ് തന്റെ ഉപരിതല സ്പൈക്ക് പ്രോട്ടീൻ വഴി സൃഷ്ടിച്ചു.
താക്കോലും താഴും ദ്വാരവും എല്ലാം പ്രോട്ടീൻ ആണ്. അവയുടെ ആകൃതിയാണ് പ്രധാനം. അതിനാൽ, SARS-CoV-2 വൈറസിന്റെ ഉപരിതല സ്പൈക്ക് പ്രോട്ടീനുകളെ അവയുടെ 'കീ" ഉപയോഗിച്ച് തിരയാനും വൈറസിനെ നശിപ്പിക്കാനും കഴിയുന്ന എന്തെങ്കിലും മരുന്ന് നമുക്ക് എളുപ്പം കണ്ടെത്താൻ കഴിയുമോ? വളരെക്കാലം പരീക്ഷിച്ചതും വളരെ ഫലപ്രദവുമായ മരുന്നുകളുടെ വിശാലമായ ഫാർമക്കോപ്പിയ നിലവിലുണ്ട്. ധാരാളം വാക്സിനുകളും. അവയുടെ ആകൃതി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി പരിശോധിച്ച് അവയിൽ ഏതാണ് ഉപയോഗപ്രദമായത് എന്ന് അതിവേഗം കണ്ടുപിടിക്കാൻ കഴിഞ്ഞാൽ പകർച്ചവ്യാധികൾ വലിയ പ്രശ്നമാകുന്നില്ല.
ഇപ്പോൾ നമുക്കെല്ലാം അറിയാം കൊവിഡ് വൈറസ് വലിയ പേടിസ്വപ്നമായി ഒരു വർഷത്തോളം മരുന്നിനെ പേടിക്കാതെ ജൈത്രയാത്ര നടത്തുകയാണെന്ന്. ആൽഫഫോൾഡിന് ശത്രുവിനെ ആയുധങ്ങളുടെ ആകൃതിയെ അടിസ്ഥാനമാക്കി, കൃത്യമായി തിരിച്ചറിയാൻ കഴിയും, അത് വഴി ശത്രുവിനെ പ്രതിരോധിക്കാൻ കഴിയും. ഭാവിയിൽ പകർച്ചവ്യാധിയെ തുരത്താൻ ഗവേഷകർ അതിവേഗം മറുമരുന്ന് കണ്ടെത്തിയേക്കാം. അത് മനുഷ്യരാശിക്കുള്ള അപകടസാദ്ധ്യത കുറയ്ക്കുകയും പൊതുജനാരോഗ്യത്തിന് വലിയ സംഭാവന നൽകുകയും ചെയ്യും.