കേരളത്തിൽ കേന്ദ്ര ഏജൻസികൾ സ്വർണക്കടത്തിന്റെ വഴി തേടുമ്പോൾ കാണാതായ സ്വർണത്തിന്റെ പേരിൽ സി.ബി.ഐ പുലിവാലു പിടിച്ച കഥയാണ് തമിഴ്നാട്ടിൽ നിന്ന് പുറത്തു വരുന്നത്. കാണാതായ സ്വർണം കണ്ടെത്താൻ മദ്രാസ് ഹൈക്കോടതി അന്വേഷണത്തിനുത്തരവിട്ട കഥ കടുവയെ കിടുവ പിടിച്ചെന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്നതാണ്. സ്വർണത്തിന്റെ വ്യാപാര വിനിമയ മേഖലകളിൽ മിനറൽസ് ആൻഡ് മെറ്റൽസ് ട്രേഡിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥർ ചെന്നൈയിലെ സുരണ കോർപ്പറേഷനെ വഴിവിട്ട് സഹായിച്ചെന്ന അഴിമതിക്കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്കായിരുന്നു. 2012 ൽ സുരണ കോർപ്പറേഷന്റെ ഒാഫീസിൽ റെയ്ഡ് നടത്തി 400. 47 കിലോ സ്വർണം ഇവർ പിടിച്ചെടുത്തു. അഴിമതിയുടെ ഭാഗമായുള്ള സ്വത്താണിതെന്ന വാദം നിരത്തി ഇതു കസ്റ്റഡിയിലുമെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പിടിച്ചെടുത്ത സ്വർണം വിദേശ വ്യാപാര നയവും വ്യവസ്ഥകളും ലംഘിച്ച് ഇറക്കുമതി ചെയ്തതാണെന്ന് കണ്ടെത്തിയതോടെ ഇതിനും കേസ് രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്ത സ്വർണം ഇൗ കേസിലേക്ക് മാറ്റാൻ പ്രത്യേക സി.ബി.ഐ കോടതിയിൽ നൽകിയ അപേക്ഷ അനുവദിക്കുകയും ചെയ്തു. ഇൗ കേസിൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പു തല നടപടി മാത്രം മതിയെന്ന് ശുപാർശ ചെയ്ത് സി.ബി.ഐ കേസ് അവസാനിപ്പിക്കാൻ റിപ്പോർട്ടു നൽകിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
മക്കെന്നാസ് ഗോൾഡ്
കേസിൽ ശിക്ഷാ നടപടി വേണ്ടെന്നു വന്നതോടെ പിടിച്ചെടുത്ത സ്വർണം ഡെൽഹിയിലെ ഡയറക്ടർ ജനറൽ ഒഫ് ഫോറിൻ ട്രേഡിനു കൈമാറാൻ സി.ബി.ഐ കോടതി നിർദ്ദേശിച്ചു. ഇതിനെതിരെ സുരണ അധികൃതർ ഹൈക്കോടതിയെ സമീപിച്ചു അനുകൂല ഉത്തരവു വാങ്ങി. എന്നാൽ സുരണ കോർപ്പറേഷൻ വൻതോതിൽ പണം കടമെടുത്തിരുന്നതു ചൂണ്ടിക്കാട്ടി സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയടക്കമുള്ള ബാങ്കുകൾ സ്വർണത്തിന് അവകാശം ഉന്നയിച്ചു രംഗത്തു വന്നു. സി.ബി.ഐ കോടതിയിൽ പിന്നീടു സ്വർണത്തിനുവേണ്ടി നടന്ന പോരാട്ടം മക്കെന്നാസ് ഗോൾഡ് എന്ന സൂപ്പർ ഹിറ്റ് ഹോളിവുഡ് ചിത്രത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന് മദ്രാസ് ഹൈക്കോടതി പറയുന്നു. സ്വർണം ഉപയോഗിച്ചു ബാങ്കുകളുടെ കടം വീട്ടാൻ ധാരണയായതോടെ ഇതു വിട്ടു നൽകാൻ സി.ബി.ഐയോടു നിർദ്ദേശിക്കണമെന്ന് ആവശ്യം ഉയർന്നു. എന്നാൽ സി.ബി.ഐ എതിർത്തു. തുടർന്ന് വിഷയം നാഷണൽ കമ്പനി ലാ ബോർഡിലേക്ക് മാറി. സ്വർണം ഉപയോഗിച്ചു കടം വീട്ടാൻ ഒരു ലിക്വിഡേറ്ററെ നിയോഗിച്ചു. ലിക്വിഡേറ്റർക്ക് സ്വർണം വിട്ടു കൊടുക്കാനായിരുന്നു കമ്പനി ലാ ബോർഡിന്റെ നിർദ്ദേശം. തുടർന്ന് കക്ഷികളെല്ലാവരുടെയും സാന്നിദ്ധ്യത്തിൽ സ്വർണം തൂക്കിയതോടെ പണി പാളി. 299 കിലോ സ്വർണം മാത്രം. 100 കിലോ സ്വർണം സ്വാഹ. പിടിച്ചെടുത്ത സ്വർണം സുരണ കോർപ്പറേഷന്റെ ഒാഫീസിലുണ്ടായിരുന്ന വെയിംഗ് മെഷീൻ ഉപയോഗിച്ചാണ് തൂക്കിയതെന്നും ഇവ സേഫ് കസ്റ്റഡിയിലാക്കി 72 താക്കോലുകൾ കോടതിയിൽ നൽകിയെന്നുമായിരുന്നു സി.ബി.ഐയുടെ വാദം. എന്നാൽ സ്വർണം നൽകാൻ സി.ബി.ഐയോടു നിർദ്ദേശിക്കണമെന്നാവശ്യവുമായി ലിക്വിഡേറ്റർ ഹൈക്കോടതിയിലെത്തിയതോടെ അന്വേഷണത്തിന് ഉത്തരവിടാൻ ജസ്റ്റിസ് പി.എൻ. പ്രകാശ് തീരുമാനിച്ചു.
സി.ബി.ഐക്കെന്താ കൊമ്പുണ്ടോ?
സ്വർണം കാണാതായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്റ്റേറ്റ് പൊലീസിനെ നിയോഗിക്കരുതെന്നും നിർബന്ധമാണെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ സി.ബി.ഐ യൂണിറ്റിനെയോ എൻ.ഐ.എയോ ചുമതലപ്പെടുത്തണമെന്നും സി.ബി.ഐ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഇൗ വാദങ്ങൾ തള്ളിയാണ് സി.ബി.ഐക്കെന്താ കൊമ്പുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. സി.ബി.ഐക്ക് പ്രത്യേക കൊമ്പുണ്ടെന്നോ പൊലീസിനു വാൽ മാത്രമാണുള്ളതെന്നോ കോടതിക്ക് അഭിപ്രായമില്ല. സുരണയുടെ ഒാഫീസിലെ വെയിംഗ് മെഷീൻ ഉപയോഗിച്ചതിനാലാണ് വ്യത്യാസം വന്നതെന്ന വാദം അംഗീകരിക്കാൻ കഴിയില്ല. ചില ഗ്രാമുകളുടെ വ്യത്യാസം മനസിലാക്കാം. നൂറു കിലോയുടെ വ്യത്യാസം എങ്ങനെ വരും ? കോടതി ചോദിച്ചു. മോഷണക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സി.ബി.ഐക്ക് ഹൈക്കോടതി നിർദ്ദേശം നൽകണമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടെങ്കിലും ഇതു അനുവദിച്ചില്ല. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന് അഭിപ്രായപ്പെട്ട സിംഗിൾബെഞ്ച് സി.ബി.ഐക്ക് സ്വന്തം നിലയിൽ മോഷണക്കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നും ലോക്കൽ പൊലീസിന്റെ അധികാരപരിധിയിൽ വരുന്ന വിഷയമാണിതെന്നും ചൂണ്ടിക്കാട്ടി. സി.ബി.ഐക്ക് ഇതൊരു അഗ്നി പരീക്ഷയായിരിക്കാം. കൈകൾ ശുദ്ധമാണെങ്കിൽ സീതയെപ്പോലെ കൂടുതൽ ശോഭിക്കാനാവും. അല്ലെങ്കിൽ സി.ബി.ഐ പരിണിതഫലം അനുഭവിക്കേണ്ടി വരുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ട് ഉത്തരവായി.