മഡ്ഗാവ് : ഒടുവിൽ സീസണിലെ തങ്ങളുടെ എട്ടാം മത്സരത്തിൽ ആദ്യ വിജയം ഈസ്റ്റ് ബംഗാളിനെ തേടിയെത്തി. ഈ സീസണിൽ ഐ.എസ്.എല്ലിലേക്ക് വന്ന ഈസ്റ്റ് ബംഗാൾ ഇന്നലെ ഒന്നിനെതിരെ മൂന്ന്ഗോളുകൾക്ക് ഒഡിഷ എഫ്.സിയെയാണ് തോൽപ്പിച്ചത്.
12-ാം മിനിട്ടിൽ പിൽക്കിംഗ്ടൺ,39-ാം മിനിട്ടിൽ മഗ്ഹോമ,88-ാം മിനിട്ടിൽ എനോബക്കാരെ എന്നിവരാണ് ഈസ്റ്റ് ബംഗാളിന് വേണ്ടി സ്കോർ ചെയ്തത്. ഇൻജുറി ടൈമിൽ ഡീഗോ മൗറീഷ്യോയാണ് ഒഡിഷയുടെ ആശ്വാസഗോൾ നേടിയത്.
എട്ട് മത്സരങ്ങളിൽ മൂന്ന് സമനിലകളും നാല് തോൽവികളും വഴങ്ങിയ ഈസ്റ്റ് ബംഗാൾ ആറുപോയിന്റുമായി പത്താം സ്ഥാനത്താണ്.ആറു പോയിന്റുള്ള കേരള ബ്ളാസ്റ്റേഴ്സ് ഒൻപതാമതും. രണ്ട് പോയിന്റ് മാത്രം നേടിയിട്ടുള്ള ഒഡിഷ ഈസ്റ്റ് ബംഗാളിനും പിറകിൽ ഏറ്റവും ഒടുവിലാണ്. ഇതുവരെ ജയിക്കാൻ കഴിഞ്ഞട്ടില്ലാത്ത ഏക ടീം ഇപ്പോൾ ഒഡിഷയാണ്. അവരുടെ ആറാം തോൽവിയായിരുന്നു ഇന്നലത്തേത്.