ഗോൾവാൾക്കറുടെ പേരിടാനുള്ള നീക്കം സദുദ്ദേശപരമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവന വായിച്ചു. ജവഹർലാൽ നെഹ്റുവുമായി എന്തു ബന്ധമുണ്ടായിട്ടാണ് വള്ളംകളി മത്സരത്തിന് 'നെഹ്റുവിന്റെ പേര് നൽകിയത്"?
1952 ഡിസംബർ 22ലെ തിരുവിതാംകൂർ - കൊച്ചി സന്ദർശനത്തിന്റെ ഭാഗമായി കോട്ടയത്തു നിന്നും പ്രധാനമന്ത്രി ആലപ്പുഴയിലേക്കു വന്നത് വേമ്പനാട്ടു കായലിലൂടെ ബോട്ടിലായിരുന്നു. ആ മഹത് വ്യക്തിയെ ആദരിച്ച് ആഘോഷമായി കൊണ്ടുവരുവാനുള്ള ആലപ്പുഴ പൗരാവലിയുടെ തീരുമാനമാണ്, ജലഘോഷയാത്രയ്ക്കും മത്സര വള്ളംകളിക്കും നിമിത്തമായത്. ആ മത്സര വള്ളംകളിയിൽ, നടുഭാഗം, കാവാലം, നെൽസൺ, ഗോപാലകൃഷ്ണൻ, പാർത്ഥസാരഥി, നെപ്പോളിയൻ, ചമ്പക്കുളം, നേതാജി, ഗിയർ ഗോസ് എന്നീ ഒൻപത് ചുണ്ടൻ വള്ളങ്ങൾ അണിനിരന്ന് ജലപ്പരപ്പിലൂടെ, ഓളപ്പരപ്പിനെ കീറിമുറിച്ച് പളുങ്കുമണികൾ ആകാശത്തിൽ വിരിയിച്ച ഹൃദയസ്പർശിയായ കാഴ്ചയിൽ ആവേശഭരിതനായി നെഹ്റു 'നടുഭാഗം" ചുണ്ടനിൽ ചാടിക്കയറി തുഴച്ചിൽക്കാരുടെ തോളിൽ പിടിച്ച് തുള്ളിച്ചാടി. ജലയാത്രയും വള്ളംകളിയും അദ്ദേഹത്തിന്റെ മനസിൽ തങ്ങിനിന്നു. ന്യൂഡൽഹിയിൽ തിരിച്ചെത്തിയ നെഹ്റുവിന് ആലപ്പുഴ പൗരാവലിയുടെ സ്വീകരണവും, വള്ളം കളിയും മറക്കാനായില്ല. അദ്ദേഹം സ്വന്തം കൈപ്പടയിൽ - ''To the winner of the boat race which is a unique feature of Community life in Travancore - Cochin. December 1952 Jawaharlal Nehru, എന്ന് ആലേഖനം ചെയ്ത വെള്ളിച്ചുണ്ടന്റെ മാതൃക സംഘാടക കമ്മിറ്റിക്ക് അയച്ചുകൊടുത്തു. തുടർന്നാണ് ഇന്നും നെഹ്റു ട്രോഫി ആഘോഷിക്കുന്നത്. അതാണ് 'നെഹ്റുവും, നെഹ്റുട്രോഫിയും" തമ്മിലുള്ള ബന്ധം!
കെ.എ. മണിയൻ, കാവാലം
കെ. ജയകുമാറിന്റെ നിറകതിർവെട്ടം
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തിരുപ്പിറവിയാണ് ക്രിസ്മസ്. ലോകമെമ്പാടും ആഘോഷിക്കുന്ന അതിന് കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ കേരളകൗമുദിയിൽ എഴുതുന്ന പ്രതിവാര പംക്തിയായ 'നിറകതിരി"ൽ പുതിയ അർത്ഥതലങ്ങൾ നൽകിയത് ആഹ്ളാദകരമായി. എഴുതുന്നതിലെല്ലാം മൗലിക ചിന്തകളും ദർശനങ്ങളും നൽകാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. ദുരിതപൂർണമായിക്കൊണ്ടിരിക്കുന്ന മനുഷ്യജീവിതത്തിന് കെ. ജയകുമാറിന്റെ കോളം ആശ്വാസത്തിന്റെ നിറകതിരാണ്.
എലിസബത്ത് മേരി
കൂത്താട്ടുകുളം, എറണാകുളം
മെമു സർവീസുകൾ തുടങ്ങണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുശേഷം ക്രിസ്മസും പുതുവർഷപ്പിറവിയും കഴിയുന്നതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി സാധാരണ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കേരളം. കെ.എസ്.ആർ.ടി.സി ബസുകൾ പൂർണതോതിൽ സർവീസ് നടത്തുവാൻ തീരുമാനമായി. കലാലയങ്ങളും വിദ്യാലയങ്ങളും തുറക്കുകയാണ്. ഇതിനിടയിൽ പുതിയ വാക്സിനും എത്തുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തിൽ കൂടുതൽ പൊതുഗതാഗത സൗകര്യം ജനങ്ങൾക്ക് ലഭ്യമാകേണ്ടത് അടിയന്തരാവശ്യമാണ്. ഉപജീവനത്തിനായി നിത്യവും പോയിവരുന്നവർക്ക് പാസഞ്ചർ, മെമു പോലെ റിസർവേഷൻ വേണ്ടാത്ത സാധാരണ തീവണ്ടികൾ അത്യന്താപേക്ഷിതമാണ്. എന്നാൽ, സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം വണ്ടികൾ ഓടിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് റെയിൽവേ അധികൃതർ. അതിനാൽ സംസ്ഥാനത്തിനകത്ത് ഓടുന്ന, റിസർവേഷൻ വേണ്ടാത്ത പാസഞ്ചർ, മെമു സർവീസുകൾ ആരംഭിക്കാൻ റെയിൽവേക്ക് സംസ്ഥാന സർക്കാർ ഉടൻ രേഖാമൂലം നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു
പി. കൃഷ്ണകുമാർ,
ജൻറൽ സെക്രട്ടറി
തൃശൂർ റയിൽവെ പാസഞ്ചേഴ്സ്
അസോസിയേഷൻ