bitcoin

കൊച്ചി: 2014ൽ ആയിരം ഡോളർ കൊടുത്ത് ബിറ്റ്‌കോയിൻ ഒരെണ്ണം വാങ്ങിയ ആൾ, ഇപ്പോൾ അത് തിരിച്ചുകൊടുത്താൽ കിട്ടുന്ന തുകയെത്രയെന്നോ... 34,000 ഡോളർ‌! ആറുകൊല്ലം കൊണ്ട്, ആൾക്കുണ്ടായ ലാഭം 33,000 ഡോളർ. ഏകദേശം 24 ലക്ഷം രൂപ!

കൊവിഡ് കാലത്ത്, മറ്റു നിക്ഷേപ മാ‌ർഗങ്ങളെയെല്ലാം ഞെട്ടിച്ച് റെക്കാഡുകൾ തിരുത്തി മുന്നേറുകയാണ് 'സാങ്കല്പിക" നാണയമായ ബിറ്റ്‌കോയിൻ. കമ്പ്യൂട്ടർ കോഡുകളാൽ നിർമ്മിക്കപ്പെട്ട ഡിജിറ്റൽ നാണയങ്ങളിൽ (ക്രിപ്‌റ്റോകറൻസികൾ) ഏറ്റവും സ്വീകാര്യതയുള്ളതാണ് ബിറ്റ്‌കോയിൻ. 2020ൽ മാത്രം 300 ശതമാനത്തോളമാണ് ബിറ്റ്‌കോയിൻ വിലയിലുണ്ടായ വർദ്ധന.

2017ൽ ബിറ്റ്‌കോയിൻ വില ചരിത്രത്തിൽ ആദ്യമായി 20,000 ഡോളറിന് അടുത്ത് എത്തിയിരുന്നു. എന്നാൽ, സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങൾ ക്രിപ്‌റ്റോകറൻസികൾ നിരോധിച്ചതോടെ വില ഇടിഞ്ഞു. എന്നാൽ, 2020ന്റെ തുടക്കം മുതൽ വില വീണ്ടും കുതിച്ചുകയറാൻ തുടങ്ങി. യൂറോപ്പിലും ചൈനയിലുമടക്കം ഒട്ടേറെ രാജ്യങ്ങൾ ഉത്പന്നങ്ങളും സേവനങ്ങളും ബിറ്റ്‌കോയിൻ ഉപയോഗിച്ച് വാങ്ങാൻ അനുമതി നൽകിയതും നേട്ടമായി.

നിലവിലെ ട്രെൻഡ് തുടർന്നാൽ 2021 മാർച്ചിനകം ബിറ്റ്‌കോയിൻ വില 50,000 ഡോളർ കടക്കുമെന്നാണ് പ്രവചനങ്ങൾ.