modi

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് അനുമതി നൽകിയ ഡ്രഗ് കൺ​ട്രോളർ ജനറൽ നടപടി ചോദ്യം ചെയ്‌ത കോൺഗ്രസ് നേതാക്കൾക്കെതിരെ തിരിച്ചടിച്ച് ബി.ജെ.പി. അടിയന്തര ഉപയോഗത്തിനായി ഇന്ത്യയിൽ വികസിപ്പിച്ച വാക്‌സിന് അനുമതി നൽകിയതിൽ കോൺഗ്രസ് നേതാക്കൾ അസ്വസ്ഥരാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ഇന്ത്യൻ സെെനികരുടെ ധീരതയെ ചോദ്യം ചെയ്‌ത കോൺഗ്രസ് ഇപ്പോൾ ഇന്ത്യയിൽ നിർമിച്ച വാക്‌സിന് അനുമതി നൽകിയതിൽ അസന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ജയറാം,തരൂർ, അഖിലേഷ് പറഞ്ഞത് ശരിയാണ്. ആദ്യം അവർ നമ്മുടെ സെെനികരുടെ ധീരതയെ ചോദ്യം ചെയ്‌തു. ഇപ്പോൾ ഇന്ത്യയിൽ നിർമിച്ച രണ്ട് വാക്‌സിനുകൾക്ക് ഡി.സി.ജി.ഐ അനുമതി നൽകിയതിൽ അവർ അസന്തുഷ്ടരാണ്. അവർ സ്ഥിരമായി രാഷ്‌ട്രീയ ആരോപണങ്ങൾക്കുള്ള അന്വേഷണത്തിലാണ്." ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്‌തു.

Our in-house cynics M/s Jairam, Tharoor & Akhilesh are behaving true to form.

They first questioned the valour of our soldiers & are now unhappy that the two vaccines to get DCGI nod are made in India.

Clearly they are on a quest for permanent political marginalization.

— Hardeep Singh Puri (@HardeepSPuri) January 3, 2021

ഇതിന് പിന്നാലെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയും കോൺഗ്രസിനെതിരെ രംഗത്ത് വന്നു. രാജ്യത്തിന്റെ നേട്ടങ്ങളെ എതിർക്കാനും പരിഹസിക്കാനും കോൺഗ്രസ് വീണ്ടും വന്യമായ സിദ്ധാന്തങ്ങളുമായി വരികയാണെന്ന് നദ്ദ ആരോപിച്ചു. തന്റെ ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകാത്ത കൊവാ‌ക്സിന് അനുമതി നല്‍കിയത് അപകടത്തിലേക്ക് നയിച്ചേക്കാമെന്ന് ചൂണ്ടിക്കാണിച്ചാണ് കോൺഗ്രസ് നേതാക്കളായ ശശി തരൂർ,ജയറാം രമേശ് തുടങ്ങിയവർ കേന്ദ്ര സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നത്.