kalam-

അറിവിന്റെ പേരിൽ അഹങ്കരിച്ചവരെ അറിവുകൊണ്ട് തന്നെ തോൽപ്പിച്ച മഹാഗുരുവാണ് ശ്രീനാരായണ ഗുരുദേവൻ. വേദാന്തമടക്കം പഠിച്ചും വ്യാഖ്യാനിച്ചും പരിമിതികളെ എല്ലാം മറികടന്ന് ഗുരു അറിവിനെ അഗാധമാക്കി . അദ്വൈതദർശനം ശ്രീനാരായണ ഗുരുവിനെപ്പോലെ ലളിതമായി വ്യാഖ്യാനിച്ച മറ്റാരും ഉണ്ടാകുമെന്നു തോന്നുന്നില്ല. ഗുരുവിനെ കുറിച്ച് അനവധി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായി രണ്ട് വാല്യങ്ങളുള്ള ഉജ്ജ്വലമായ ഒരു ഗ്രന്ഥം ഇംഗ്ളീഷിൽ പുറത്തുവന്നിരിക്കുന്നു. ലോകത്തിലെ പ്രധാന പ്രസാധകരായ പെൻഗ്വിൻ പബ്ളിഷ് ചെയ്ത് കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറും പ്രശസ്ത ഭൗതികശാസ്ത്ര അദ്ധ്യാപകനുമായ ജി.കെ ശശിധരൻ എഴുതിയ ' നോട്ട് മെനി , ബട്ട് വൺ ' -ശ്രീനാരായണ ഗുരൂസ് ഫിലോസഫി ഓഫ് യൂണിവേഴ്സൽ വൺനെസ്സ് ആണ് ആ അമൂല്യമായ രചന.

ആമുഖ കുറിപ്പിൽ പ്രൊഫ.എം.കെ.സാനു മാസ്റ്റർ എഴുതിയത് വായിച്ചാൽ ഈ ഗ്രന്ഥത്തിന്റെ ആഴം വ്യക്തമാകും." ഒരു വിത്ത് മുളച്ച് ചെടിയാകാൻ ഭൂമിയും ജലവും വായുവും ഒഴിച്ചുകൂടാനാവാത്തതാണെന്ന് നമ്മൾക്കറിയാം. അതുപോലെ നല്ലൊരു പുസ്തകം രചിക്കാൻ അഗാധമായ പാണ്ഡിത്യവും ഉൾക്കാഴ്ചയും അത്യന്താപേക്ഷിതമാണ്. കാഴ്ചപ്പാടാണ് സർഗാത്മകതയെ മഹത്തരമാക്കുന്നത്. ഇങ്ങനെ പറയാതെ ഈ പുസ്തകത്തെക്കുറിച്ച് എനിക്കെഴുതാനാവില്ല. സമകാലിക സാഹിത്യത്തിൽ മുകളിൽ പറഞ്ഞ ഗുണങ്ങളെല്ലാം ഒരുമിച്ച് ചേർന്ന ഇതുപോലൊരു രചന ഉണ്ടായിട്ടില്ല. ധ്യാനാത്മകമായി ശാസ്ത്രത്തിലും വേദാന്തത്തിലും ആർജ്ജിച്ച വിപുലമായ അറിവിലൂടെയാണ് ഈ പുസ്തകം എഴുതിയത്. ഗുരുദേവന്റെ ദിവ്യ ചൈതന്യവും അനുഗ്രഹവും ഈ പുസ്തകത്തിലുടനീളം പ്രകടമാണ്."

മൂന്നുവർഷം നീണ്ടുനിന്ന താപസതുല്യമായ പരിശ്രമമാണ് ശശിധരനെ ഈ ഒരു രചന പൂർത്തിയാക്കാൻ സഹായിച്ചത്. ഗുരുവിന്റെ സംസ്കൃതത്തിലും മലയാളത്തിലും തമിഴിലും ഉള്ള കാവ്യങ്ങൾ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തുകയും വ്യാഖ്യാനങ്ങൾ നൽകുകയും ചെയ്തു. ശ്രീനാരായണഗുരുദേവന്റെ തത്വദർശനം ആധുനിക ശാസ്ത്രവുമായി കോർത്തിണക്കപ്പെട്ടതാണെന്ന് ശശിധരൻ ഉദാഹരണസഹിതം

സമർത്ഥിക്കുന്നു." എല്ലാ ദിവസവും എഴുതാനിരിക്കും മുമ്പ് യോഗയും ധ്യാനവും ചെയ്തു. ഗുരുവിന്റെ ചിന്താലോകത്തിലൂടെ സഞ്ചരിക്കാൻ , അറിവിന്റെ പാരാവാരത്തിൽ മുങ്ങാൻ ,ഗുരുവിന്റെ അനുഗ്രഹം ലഭിക്കാൻ അതെല്ലാം ഉപകരിച്ചു.." ശശിധരൻ പറയുന്നു.

വേദവ്യാസനും , ആദിശങ്കരനും ശ്രീനാരായണഗുരുവും മഹർഷി ത്രയമാണെന്നാണ് ശശിധരന്റെ വിലയിരുത്തൽ.. ശങ്കരനെക്കുറിച്ച് മുമ്പുയർന്നിട്ടുള്ള തെറ്റിദ്ധാരണകളെ വസ്തുനിഷ്ഠമായി തിരുത്താനും ശശിധരൻ ശ്രമിച്ചിട്ടുണ്ട്. പ്രപഞ്ചത്തിന്റെ ഏകത്വമാണ് ഗുരു മുന്നോട്ടുവച്ച ചിന്ത. എല്ലാം ഒന്നാണെന്ന ദർശനം. കണികാ ഊർജ്ജതന്ത്രത്തിന്റെയും വേദാന്തത്തിന്റെയും മുഖ്യ ആശയവും പ്രപഞ്ചം പരസ്പരം ബന്ധിക്കപ്പെട്ടു കിടക്കുന്നുവെന്ന് തന്നെയാണ്. അത് അവിഭാജ്യമാണ്. ഏകമാണ്,വിശുദ്ധമായ ബോധമാണ്. പ്രപഞ്ചത്തിന്റെ അടിസ്ഥാന അവസ്ഥയെയാണ് കണികാ ഊർജ്ജതന്ത്രം മുന്നോട്ടുവയ്ക്കുന്നതെന്ന് വിഖ്യാത ദാർശനികനായ ഷ്റോഡിംഗർ പറഞ്ഞിട്ടുണ്ട്.

ഗുരുദേവൻ 1916 ൽ സംസ്കൃതത്തിൽ എഴുതിയ ദർശനമാലയിൽ വേദാന്തത്തെ സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു. ഒരു പക്ഷേ ഗുരുവിന്റെ ഏറ്റവും വലിയ ദാർശനിക സംഭാവന ദർശനമാലയാണെന്ന് പറയാം. വേദാന്ത ദർശനങ്ങൾ കോർത്തിണക്കിയ ദർശന മാലയാണ് അത്. ഇവയുടെയെല്ലാം പരിഭാഷ ഈ ഗ്രന്ഥത്തിലുണ്ട്. ഒപ്പം നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കർത്താവുമായ ഗുരുവിനെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന കുറിപ്പും ഈ ഗ്രന്ഥത്തിലുണ്ട്.

കവിയെന്ന നിലയിൽ മലയാളം കണ്ട ഏറ്റവും വലിയ കവി ശ്രീനാരായണ ഗുരുവാണ്. വേദാന്തം മാത്രമല്ല ജീവിതമാകുന്ന യാത്രയിൽ ഒരാൾ നേരിടുന്ന വെല്ലുവിളികളും പ്രലോഭനങ്ങളും പോരാട്ടങ്ങളും പ്രതിഫലിക്കുന്ന കവിതകളും ഗുരു എഴുതി.

മഹാപ്രപഞ്ചം, കണികാ പ്രപഞ്ചം, ചൊവ്വ ജീവന്റെ വാഗ്ദത്ത ലോകം തുടങ്ങി അനവധി ഗ്രന്ഥങ്ങളുടെ രചയിതാവായ പ്രൊഫ.ജി.കെ.ശശിധരൻ കേരളകൗമുദിയിലാണ് ശാസ്ത്ര ലേഖനങ്ങൾ എഴുതിത്തുടങ്ങിയത്. പത്രാധിപർ നൽകിയ പ്രോത്സാഹനം കൂടുതൽ എഴുതാൻ പ്രേരകമായെന്ന് അദ്ദേഹം പറയുന്നു. കോസ്മോളജിയിലും ആസ്ട്രോ ഫിസിക്സിലും ഒട്ടേറെ ലേഖനങ്ങൾ രചിച്ചിട്ടുള്ള ശശിധരൻ ആൾ കേരള ആസ്ട്രോ സയൻസ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റാണ്.തന്റെ ജീവിത കാലഘട്ടത്തിലെ മാസ്റ്റർപീസാണ് അതി മനോഹരമായ ഈ ഗ്രന്ഥത്തിലൂടെ ശശിധരൻ പൂർത്തിയാക്കിയത്. കാലഘട്ടങ്ങളെ അതിജീവിക്കുന്നതാണ് ഈ രചന. വിശ്വഗുരുവായ ശ്രീനാരായണഗുരുദേവന്റെ മഹനീയമായ ചിന്തയും ദർശനവും കാവ്യലോകവും ഈ പുസ്തകത്തിലൂടെ വീണ്ടും ലോകസഞ്ചാരം നടത്തും. ഇങ്ങനെയാെരു സൃഷ്ടിക്ക് കേരളം ശശിധരനോട് നന്ദി പറയേണ്ടിയിരിക്കുന്നു.

( ജി.കെ.ശശിധരന്റെ ഫോൺ--9633786111 )