തിരുവനന്തപുരം: കവിയും ചലച്ചിത്ര ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. ഇന്ന് വൈകിട്ട് 8.10നാണ് മരണം സംഭവിച്ചത്. 51 വയസായിരുന്നു. തിരുവന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹത്തെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് 7.20നാണ് കിംസിൽ പ്രവേശിപ്പിച്ചത്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം.
ശ്വസിക്കാൻ ബുദ്ധിമുട്ടനുഭവിച്ചിരുന്ന അനിലിനെ ആശുപത്രിയിലേക്കെത്തിക്കുമ്പോൾ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. രോഗം വന്നതിനെ തുടർന്ന് മാവേലിക്കര വിഎസ്എം ആശുപത്രിയിലും കരുനാഗപ്പള്ളി വല്യത്ത് ആശുപത്രിയിലും അദ്ദേഹം ചികിത്സ തേടിയിരുന്നു. 'അറബിക്കഥ' എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് വന്ന അദ്ദേഹത്തിന്റെ 'ചോരവീണ മണ്ണിൽ' എന്ന് തുടങ്ങുന്ന ഗാനം വൻ ജനശ്രദ്ധ നേടിയിരുന്നു.
അറബിക്കഥയിലെ ഹിറ്റ് ഗാനം ആലപിച്ചതും അദ്ദേഹം തന്നെയായിരുന്നു. 2007ൽതന്നെ പുറത്തിറങ്ങിയ 'കഥ പറയുമ്പോൾ' എന്ന ചിത്രത്തിലെ 'ബാർബറാം ബാലൻ' എന്ന ഗാനവും ജനങ്ങൾ നെഞ്ചേറ്റിയിരുന്നു. അറബിക്കഥ ഉൾപ്പെടെയുള്ള നാല് ചിത്രങ്ങളിൽ അദ്ദേഹം അഭിനേതാവിന്റെ റോളും കൈകാര്യം ചെയ്തു. കായംകുളം സ്വദേശിയായ അനിൽ പനച്ചൂരാൻ ഒരു അഭിഭാഷകനും കൂടിയായിരുന്നു.