തിരുവനന്തപുരം: കോൺഗ്രസിൽ ഗ്രൂപ്പ് താത്‌പര്യങ്ങള്‍ക്ക് പകരം പൊതുതാത്പര്യത്തിന് പ്രാധാന്യം നൽകണമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. വിജയസാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ ഗ്രൂപ്പ് തീരുമാനം മാറ്റിവയ്ക്കണമെന്നും നേതൃത്വത്തിന് താല്‍പര്യമുള്ള സ്ഥാനാര്‍ത്ഥിയല്ല മറിച്ച് ജനങ്ങള്‍ക്ക് താല്‍പര്യമുള്ള സ്ഥാനാർത്ഥിയാണ് മത്സരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ തലമുറമാറ്റം വേണം. പുതുമുഖങ്ങള്‍ക്ക് അവസരം നൽകിയാലെ പാര്‍ട്ടിക്ക് ജയിക്കാന്‍ സാധിക്കൂവെന്നും വിജയസാധ്യതയുള്ള സീറ്റുകള്‍ യൂത്ത് കോണ്‍ഗ്രസിനു വേണമെന്നും ഷാഫി പറഞ്ഞു.യുവത്വത്തിന് നല്‍കുന്ന അവസരം പാഴായി പോകുന്നില്ല. വിമര്‍ശിക്കുന്നവരെ പാര്‍ട്ടി പോസിറ്റീവായി കാണുമെന്ന് പ്രതീക്ഷിക്കുന്നു. യുവാക്കള്‍ക്ക് അവസരം നല്‍കിയ സ്ഥലങ്ങളിലെയും മറ്റിടങ്ങളിലേയും വോട്ടുവ്യത്യാസം താരതമ്യം ചെയ്തുള്ള റിപ്പോര്‍ട്ട് നേതൃത്വത്തിന് നല്‍കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
67ലെ തോല്‍വിക്ക് ശേഷം യുവത്വത്തിനായി പോരാടിയവര്‍, അവര്‍ക്ക് അധികാരം കിട്ടിയ പ്രായം മറന്നിട്ടുണ്ടാകില്ലെന്നും വിമര്‍ശനങ്ങളെ പഴയ യൂത്ത് കോണ്‍ഗ്രസുകാരന്റെ മനസോടെ കാണണമെന്നും കോൺഗ്രസ് നേതൃത്വത്തോട് ഷാഫി ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിൽ തോല്‍വി നേരിട്ടതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരായ എം.എൽ.എയുടെ പ്രതികരണം.