ന്യൂഡൽഹി: ഇന്ത്യയുടെ തദ്ദേശീയ കൊവിഡ് വാക്സിനായ കൊവാക്സിന് അനുമതി നൽകിയതിനെതിരെ സിപിഎമ്മും. വാക്സിൻ പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നും രാഷ്ട്രീയ നേട്ടത്തിനായി നടപടിക്രമങ്ങള്‍ വെട്ടിച്ചുരുക്കുന്നത് ഇന്ത്യയിലെ മരുന്ന് കമ്പനികളുടെ വിശ്വാസ്യത തകര്‍ക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.
പരീക്ഷണം പൂര്‍ത്തിയാകാത്ത കൊവാക്സിന് അടിയന്തര അനുമതി നല്‍കിയത് അപക്വവും അപകടകരവുമാണെന്ന് ശശി തരൂര്‍ എംപി ആരോപിച്ചതിന് പിന്നാലെയാണ് സീതാറാം യെച്ചൂരി ഇക്കാര്യം പറഞ്ഞത്. പരീക്ഷണം സംബന്ധിച്ച രാജ്യാന്തര ചട്ടങ്ങള്‍ അവഗണിച്ചതിനെ കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി വിശദീകരിക്കണമെന്ന് ജയറാം രമേഷ് എംപിയും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സൈന്യത്തിന്റെ വീര്യം ചോദ്യം ചെയ്തവര്‍ ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മിച്ച വാക്സീനുകള്‍ക്ക് അനുമതി ലഭിച്ചതില്‍ അസന്തുഷ്ടി പ്രകടിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. വാക്സിനുകൾ 110ശതമാനം സുരക്ഷിതമാണെന്നും മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും വിശദീകരിച്ച് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വി.ജി. സോമാനിയും രംഗത്തെത്തിയിരുന്നു.
ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച്, പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഷീൽഡ്, ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കും ഐസിഎംആറും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവാക്സിനുമാണ് ഇന്നലെ ഡ്രഗ്സ് കൺട്രോളർ ജനറൽ അംഗീകാരം നൽകിയത്.