ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതിനെതുടർന്നുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധൻ.. ഇത്തരം വിഷയം രാഷ്ട്രീയവത്കരിക്കുന്നത് അപമാനകരമാണെന്ന് ഹർഷ വർദ്ധൻ വിമര്‍ശിച്ചു. കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്നതിനുള്ള ശാസ്ത്രീയ അടിസ്ഥാനമുള്ള നടപടിക്രമങ്ങളെ ശശി തരൂര്‍, ജയറാം രമേശ്, അഖിലേഷ് യാദവ് എന്നിവര്‍ വിലകുറച്ച് കാണരുത്. നിങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നത് നിങ്ങളെത്തന്നെയാണെന്ന് മനസിലാക്കണമെന്നും ഡോ.ഹര്‍ഷ വര്‍ദ്ധൻ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, ജയറാം രമേശ്, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ കൊവാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതിനെ വിമര്‍ശിച്ചിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിച്ച ഓക്‌സ്ഫോഡ് - ആസ്ട്ര സെനിക്ക വാക്‌സിനൊപ്പമാണ് കൊവാക്‌സിനും രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കാതെ കോവാക്‌സിന് അനുമതി നല്‍കിയത് അപകടത്തിലേക്ക് നയിച്ചേക്കുമെന്നും അതിനാല്‍ വാക്‌സിന്റെ ഉപയോഗം ഒഴിവാക്കണമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയുമായാണ് കേന്ദ്ര ആരോഗ്യമന്ത്രി രംഗത്തെത്തിയത്.