എക്‌സിമ അല്ലെങ്കിൽ വരട്ടുചൊറി സർവസാധാരണമായ ത്വക്ക് രോഗമാണ്. ചർമ്മത്തിലെ നീർക്കെട്ടാണ് എക്സിമ. ചർമ്മത്തിന് വീക്കം, ചൊറിച്ചിൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുന്നത് എക്സിമയുടെ പ്രധാന കാരണങ്ങളിലൊന്നാണ്. ഇത് പകർച്ച വ്യാധിയല്ല. എക്സിമ ഉള്ളവർക്ക് ചർമ്മത്തിൽ അസഹ്യമായ ചൊറിച്ചിലുണ്ടാവും.
ഇങ്ങനെ ചർമ്മം ചൊറിഞ്ഞു പൊട്ടലുകളുണ്ടാകുന്നത് അണുബാധയ്ക്ക് കാരണമാകുന്നു. കുട്ടികളിലാണ് ഈ രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നത്. എക്സിമ ബാധയുള്ളവർ ആഹാര കാര്യങ്ങളിൽ വളരെ ശ്രദ്ധ പുലർത്തേണ്ടതാണ്.
പശുവിൻ പാൽ,മുട്ട, സോയ ഉത്‌പന്നങ്ങൾ, കക്കയിറച്ചി എന്നിവ ഒഴിവാക്കുക. ആപ്പിൾ, ബ്ലൂബെറി, ചെറി, ബ്രോക്കോളി, ചീര എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താം. സാൽമൺ, മത്തി തുടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് എക്സിമ നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നു. സിട്രസ് പഴങ്ങൾ, ഗോതമ്പ്, വാനില, ഗ്രാമ്പൂ, കറുവപ്പട്ട തുടങ്ങിയവ പൂർണമായും ഒഴിവാക്കുക. പുറമേ രോഗബാധിതർ ഡെർമറ്റോളജിസ്റ്റിന്റെ വിദഗ്‌ധോപദേശം തേടേണ്ടത് അത്യാവശ്യമാണ്.