vaccine

ന്യൂഡൽഹി:രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി അനുമതി നൽകിയ കൊവാക്‌സിനും കൊവിഷീൽഡ് വാക്‌സിനും ഏറെ ഫലപ്രദമെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐ.സി.എം.ആർ.) തലവൻ ബൽറാം ഭാർഗവ പറഞ്ഞു. ട്രയൽ പരീക്ഷണം നടത്തിയ മറ്റു വാക്‌സിനുകളെക്കാൾ സുരക്ഷിതമാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സിൻ യു.കെയിൽ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ബൽറാം ഭാർഗവ കൂട്ടിച്ചേർത്തു. പുതിയ വെെറസിനെതിരെ ഫെെസറിന്റെ വാക്‌സിൻ കാര്യക്ഷമമാകില്ല.എന്നാൽ കൊവാക്‌സിൻ ഒരു മുഴുവൻ വെെറസ് വാക്‌സിനാണെന്നു‌ം അതിനാൽ ഇത് ഫലപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

"വാക്സിനുകൾ അംഗീകരിക്കുന്നതിൽ കുറുക്കുവഴികളില്ല. സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്തി. ശക്തമായ വിതരണ സംവിധാനം നിലവിലുണ്ട്, ഡ്രൈ റൺസ് ഫലപ്രദമാണ്, ആവശ്യമായ റഫ്രിജറേറ്ററുകൾ നിലവിലുണ്ട്." ബൽറാം ഭാർഗവ പറഞ്ഞു. ജൂലായ് ഓടെ 30 കോടി ജനങ്ങൾക്ക് വാക്‌സിൻ നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മൂന്നാഘട്ട പരീക്ഷണ ഫലം പുറത്തുവരുന്നതിന് മുമ്പ് കൊവാക്‌സിൻ അനുമതി നൽകിയ നടപടിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്ന് വരുന്നതിനിടെയാണ് ഐ.സി.എം.ആർ മേധാവിയുടെ വിശദീകരണം.