udf

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യു. ഡി.എഫിലെ സുപ്രധാന പദവിയിലേക്ക് എത്തിച്ചേരുമെന്ന് ഏതാണ്ട് ഉറപ്പായി. യു.ഡി.എഫിലെ വിവിധ ഘടകക്ഷികളുടെയും ഹൈക്കമാൻഡിന്റെയും പ്രത്യേക താത്പര്യ പ്രകാരമാണ് ഉമ്മൻചാണ്ടിയെ സജീവമാക്കാനുളള ചർച്ചകൾ നേതൃതലത്തിൽ നടക്കുന്നത്. നേരത്തെ ഉമ്മൻചാണ്ടിയെ കോൺഗ്രസിന്റെ പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനം ഏൽപ്പിക്കുമെന്ന സൂചനകളുണ്ടായിരുന്നു. അതിനിടെയാണ് ഉമ്മൻചാണ്ടിയെ യു.ഡി.എഫ് ചെയർമാനോ കൺവീനറോ ആക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്.

കെ.പി.സി.സി അദ്ധ്യക്ഷൻ വരെ നേരിട്ട് വീട്ടിലെത്തി സമ്മർദ്ദം ചെലുത്തിയെങ്കിലും പദവി ഏറ്റെടുക്കുന്നതിനോട് ഉമ്മൻചാണ്ടി ഇതുവരെ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്ന് യു.ഡി.എഫിനെ നയിക്കണമെന്നാണ് കോൺഗ്രസ് നേതാക്കളുടെയും ആവശ്യം. ഘടകക്ഷികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഉമ്മൻചാണ്ടിയെ യു.ഡി.എഫ് തലപ്പത്തക്ക് എത്തിക്കാൻ ഹൈക്കമാൻഡിന്റെ സുപ്രധാന നീക്കം.

ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും

യു.ഡി.എഫ് രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച കോമ്പിനേഷനാണ് കുഞ്ഞാപ്പയും കുഞ്ഞൂഞ്ഞും. വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ തദ്ദേശത്തിൽ മുങ്ങിത്താഴ്‌ന്ന കപ്പലിനെ കരയ്‌ക്ക് അടുപ്പിക്കാൻ ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തന്നെ വേണ്ടിവരുന്നുവെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയാതെ പറയുന്നത്. കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിൽ ഇറക്കി ലീഗ് പയറ്റുന്ന അതേ തന്ത്രം തന്നെയാണ് ഉമ്മൻചാണ്ടിയെ തലപ്പത്തേക്ക് നിയോഗിക്കുക വഴി കോൺഗ്രസും ലക്ഷ്യമിടുന്നത്.

താരിഖ് അൻവറുമായി കൂടിക്കാഴ്‌ച നടത്തിയ മുസ്ലിം ലീഗ് നേതാക്കളുടെ പ്രധാന ആവശ്യങ്ങളിലൊന്ന് ഉമ്മൻചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു. ഉമ്മൻചാണ്ടിയെ സജീവമാക്കേണ്ടതിന്റെ ആവശ്യകത കാര്യകാരണ സഹിതം കുഞ്ഞാലിക്കുട്ടി എ.ഐ.സി.സി നേതാക്കളോട് വിശദീകരിച്ചു. ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ നഷ്‌ടപ്പെട്ട വിശ്വാസ്യത തിരിച്ച് പിടിക്കുകയാണ് കുഞ്ഞാലിക്കുട്ടിയുടെ തന്ത്രം.

പിന്നിലെ പൊളിറ്റിക്‌സ്

ജോസ് കെ. മാണിയുടെ കേരള കോൺഗ്രസിന്റെ കൂടി പിൻബലത്തിലാണ് ഇക്കുറി മദ്ധ്യ തിരുവിതാംകൂറിൽ ഉൾപ്പടെ എൽ.ഡി.എഫ് മുന്നേറിയത്. നിയമസഭാ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ് ഈ മുന്നേറ്റം ആവർത്തിച്ചാൽ യു.ഡി.എഫ് നേതൃത്വത്തിന് പിന്നെയൊരു തിരിച്ച് വരവ് എളുപ്പമായേക്കില്ല. ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ അരയും തലയും മുറുക്കി യു.ഡി.എഫ് ഇറങ്ങുന്നത്.

ഉമ്മൻചാണ്ടിയുടെ ജനപ്രീതിക്ക് ഇപ്പോഴും യാതൊരു കോട്ടവും തട്ടയിട്ടില്ലെന്നാണ് നേതൃത്വം കരുതുന്നത്. മദ്ധ്യകേരളമാണ് ഉമ്മൻചാണ്ടിയിലൂടെ യു.ഡി.എഫ് ഉന്നം വയ്‌ക്കുന്നത്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും സ്ഥിതി വ്യത്യസ്‌തമല്ല. വോട്ട് കണക്ക് പ്രകാരം ആലപ്പുഴ ജില്ലയിൽ ഒരു നിയമസഭാ മണ്ഡലത്തിൽ പോലും കോൺഗ്രസ് മുന്നിലെത്തിയിരുന്നില്ല. ഇടുക്കിയിലും പത്തനംതട്ടയിലുമാകട്ടെ മുന്നേറിയത് ഒരു നിയമസഭാ മണ്ഡലത്തിലും.

ക്രിസ്‌ത്യൻ വിഭാഗങ്ങൾ മുഖം തിരിച്ചതാണ് മേഖലയിൽ യു.ഡി.എഫിന് തിരിച്ചടിക്ക് കാരണമായത്. അതുകൊണ്ട് തന്നെ ഈ വോട്ടുകൾ കൂടി ലക്ഷ്യം വച്ചാണ് ഉമ്മൻചാണ്ടിയെ യു.ഡി.എഫ് ഇറക്കുന്നത്. മുസ്ലിം ലീഗിനെതിരായ സി.പി.എമ്മിന്റെ ഇപ്പോഴത്തെ പ്രചാരണങ്ങൾ ക്രൈസ്‌തവ വോട്ടുകൾ ലക്ഷ്യം വച്ചാണെന്നാണ് ലീഗ് കരുതുന്നതെന്ന് കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ ഫ്ളാഷിനോട് പറഞ്ഞു.

ക്രിസ്‌മസ് നയതന്ത്രം

പതിവിൽ നിന്ന് വിപരീതമായി കുഞ്ഞാലിക്കുട്ടി അടക്കമുളള ചില ലീഗ് നേതാക്കളുടെ ക്രിസ്‌മസ് ആശംസ അറിയിച്ചുളള ഫേസ്‌ബുക്ക് പോസ്റ്റിനെ കൗതുകത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കണ്ടത്. ഇതിനുപിന്നാലെ ക്രിസ്‌മസ് കേക്കുമായി മലങ്കര കത്തോലിക സഭാ അദ്ധ്യക്ഷൻ കർദ്ദിനാൾ ക്ലീമിസ് ബാവയെ കാണാനും കു‌ഞ്ഞാലിക്കുട്ടി എത്തി.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ക്രൈസ്‌തവ സഭകളെ അനുനയിപ്പിക്കാൻ യു.ഡി.എഫ് നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിത്. ലീഗിന് എതിരെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ലീഗ് സ്വന്തം നിലയ്‌ക്കും സമവായ നീക്കങ്ങൾ നടത്തുന്നുണ്ട്. തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ തയ്യാറാണെന്നാണ് കുഞ്ഞാലിക്കുട്ടി ബിഷപ്പിനെ അറിയിച്ചത്. സഭാ മേലദ്ധ്യക്ഷന്മാരുമായുളള ചർച്ച തുടരാനാണ് ലീഗ് തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ മതമേലദ്ധ്യക്ഷന്മാരെ കുഞ്ഞാലിക്കുട്ടി കാണും.

ഹിന്ദുവോട്ടുകളിൽ വിള്ളുണ്ടാകുമോ എന്ന് ആശങ്ക

ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തലപ്പത്ത് എത്തുന്നതോടെ ഹിന്ദു വോട്ടുകളിൽ വിളളലുണ്ടാകുമോയെന്ന ആശങ്ക കോൺഗ്രസ് നേതാക്കൾ പങ്കുവയ്‌ക്കുന്നുണ്ട്. ബി.ജെ.പി ഈ അവസരം കൃത്യമായി മുതലെടുക്കുമെന്നും തെക്കൻ കേരളത്തിൽ പാർട്ടിക്ക് ഇത് തിരിച്ചടിയാകുമെന്നും കോൺഗ്രസ് കേന്ദ്രങ്ങൾ പറയുന്നു. കഴിഞ്ഞ മന്ത്രിസഭയിലെ അഞ്ചാം മന്ത്രി വിവാദവും ലീഗിന്റെ അപ്രമാദിത്വവുമെല്ലാം നേതാക്കളുടെ മനസ്സിലുണ്ട്. കുഞ്ഞാലിക്കുട്ടിയും ഉമ്മൻചാണ്ടിയും എത്തുന്നതോടെ യു.ഡി.എഫിന് ഭരണം കിട്ടിയാൽ ഹിന്ദു സമുദായങ്ങൾ അവഗണിക്കപ്പെടുമോ എന്ന ആശങ്ക ഉയരാൻ സാദ്ധ്യതയുളളതായി ഹൈക്കമാൻഡും വിലയിരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശന്റേതായി വന്ന പ്രസ്‌താവന കോൺഗ്രസ് ഗൗരവത്തോടെയാണ് കാണുന്നത്.

കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനെ മത്സരത്തിനിറക്കാനുളള നീക്കവും ഇതിന്റെ ഭാഗമായാണ് നടക്കുന്നത്. രമേശ് ചെന്നിത്തലയ്‌ക്കൊപ്പം മുല്ലപ്പളളിയും മത്സരിക്കുന്നതോടെ നായർ, ഈഴവ സമുദായങ്ങളെ തൃപ്‌തിപ്പെടുത്താനാകും എന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. മലബാറിലെ ഏതെങ്കിലും നിയമസഭ മണ്ഡലത്തിൽ മത്സരിക്കാനാണ് മുല്ലപ്പളളി താത്പര്യപ്പെടുന്നത്. അതേസമയം, നേതാക്കൾ കൂട്ടത്തോടെ മത്സരിക്കാൻ ഇറങ്ങിയാൽ പാർട്ടിയെ തിരഞ്ഞെടുപ്പിൽ ആര് നയിക്കുമെന്ന് ചോദിക്കുന്നവരുമുണ്ട്.