anil-panachuran

തിരുവനന്തപുരം: അനില്‍ പനച്ചൂരാന്റെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ മായയുടെയും ബന്ധുക്കളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കായംകുളം പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.എന്നാല്‍ കാര്യമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.കായംകുളം പൊലീസ് ഉടൻ തിരുവനന്തപുരത്തേക്ക് പുറപ്പെടും.

അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം സംസ്‌കാര സമയം തീരുമാനിക്കും. ഇന്നലെ രാത്രിയാണ് കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചത്.

ഞായറാഴ്ച രാവിലെ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ പോകാനായി വീട്ടിൽ നിന്നിറങ്ങിയ അനിൽ വഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. മാവേലിക്കര വി എസ് എം ആശുപത്രിയിലും തുടർന്ന് കരുനാഗപ്പള്ളി വല്യത്ത് ആശുപത്രിയിലും എത്തിച്ചു നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിൽ വൈകിട്ടോടെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.