കൊച്ചി: 2015ന്റെ തുടക്കം. പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പൊതുമേഖലാ വളം നിർമ്മാണശാലയായ കൊച്ചിയിലെ ഫാക്‌ടിന് രക്ഷാ പാക്കേജ് ഉൾപ്പെടെ കേരളത്തിന്റെ ആവശ്യങ്ങളുമായി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുളള സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു.
ആവശ്യങ്ങൾ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഒരു വ്യവസ്ഥ മാത്രം.'കൊച്ചിയിലെ എൽ.എൻ.ജി ടെർമിനൽ ശേഷിയുടെ ആറു ശതമാനം മാത്രം വിനിയോഗിച്ച് വെറുതെ കിടക്കുന്നു. കൊച്ചി - മംഗലാപുരം പൈപ്പ് ലൈൻ നിർമ്മാണം പൂർത്തിയായില്ലെങ്കിൽ മൂവായിരം കോടി മുടക്കിയ ടെർമിനൽ പാഴാകും. പൈപ്പ് ലൈൻ പൂർത്തിയാക്കാൻ അടിയന്തരനടപടി സ്വീകരിക്കണം.'
പൈപ്പ് ലൈൻ സ്ഥാപിക്കൽ നടപടികൾ നന്നായി പോകുന്നുവെന്ന് സമർത്ഥിക്കാൻ സംഘത്തിലെ ഉന്നതഉദ്യോഗസ്ഥൻ ശ്രമിച്ചു. പൈപ്പ് ലൈൻ നിർമ്മാണത്തിന്റെ തത്‌സ്ഥിതി പ്രധാനമന്ത്രി വിവരിച്ചപ്പോൾ, സംഘത്തിന് മറുപടിയില്ലായിരുന്നു. അത്രയും സൂക്ഷ്‌മവിവരങ്ങൾ തങ്ങളിൽ പലർക്കും അറിയില്ലായിരുന്നുവെന്നാണ് സംഘത്തിലെ ജനപ്രതിനിധി പിന്നീട് വെളിപ്പെടുത്തിയത്.
എൽ.എൻ.ജി പൈപ്പ് ലൈൻ.പദ്ധതിയുടെ ദൈനംദിന വിവരങ്ങൾ വരെ പ്രധാനമന്ത്രിയുടെ ഓഫീസ് ശേഖരിച്ച് വിലയിരുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വാക്കുകൾ സംസ്ഥാന സർക്കാരിനെ ഉണർത്തി. ചീഫ് സെക്രട്ടറി ജിജി തോംസണെ പദ്ധതി നിരീക്ഷിക്കാൻ ചുമതലപ്പെടുത്തി. 2015 ഏപ്രിൽ 20 ന് ഉന്നതതലയോഗം ചേർന്നു. പെട്രോനെറ്റ് എൽ.എൻ.ജി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായിരുന്ന ഡോ. ബല്യാൺ ഉൾപ്പെടെ പങ്കെടുത്തു. സ്ഥലമെടുപ്പ് പുനരാരംഭിക്കാനും ഏഴു ജില്ലകളിലും നോഡൽ ഓഫീസർമാരെ നിയമിക്കാനും തീരുമാനിച്ചു. ജൂണിൽ പൈപ്പിടൽ വീണ്ടും ആരംഭിച്ചെങ്കിലും മുന്നോട്ടുപോയില്ല.
2016 മേയിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി. ജൂലായിൽ ഗെയിൽ മേധാവികൾ പിണറായിയെ സന്ദർശിച്ചു. പൈപ്പിടാൻ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിയുടെ കർശനനിലപാട് ഫലം ചെയ്തു. പൈപ്പിടൽ ജോലികൾ സുഗമമായി. 2018 ഓടെ പ്രതിഷേധങ്ങൾ നിലച്ചു.
പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസുകൾ നേരിട്ട് നിരീക്ഷിച്ച പദ്ധതിയാണ് കൊച്ചി - മംഗലാപുരം ഗെയിൽ പൈപ്പ് ലൈൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണയും മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാർഢ്യവുമാണ് കേരളത്തിന് അഭിമാനകരമായി പദ്ധതി പൂർത്തിയാക്കാൻ വഴി തെളിച്ചത്.