തിരുവനന്തപുരം: തലസ്ഥാനത്തെ മേയർക്ക് ഔദ്യോഗിക വസതി നിർമ്മിക്കാൻ നടപടി തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും സംഗതി എങ്ങുമെത്തിയില്ല. സ്ഥലം കണ്ടെത്തി രൂപകൽപ്പനയും നടത്തി കരാറും കൊടുത്തശേഷമാണ് മുടങ്ങിപ്പോയത്. പുതിയ മേയർ ആര്യാ രാജേന്ദ്രൻ താമസിക്കുന്നത് വാഹനം ചെല്ലാത്ത വാടകവീട്ടിലാണെന്ന് അറിഞ്ഞതോടെയാണ് ഔദ്യോഗിക വസതി വീണ്ടും സംസാരവിഷയമായത്.
വി ശിവൻകുട്ടി മേയറായിരുന്നപ്പോഴാണ് ഔദ്യോഗിക വസതിക്ക് ആലോചന തുടങ്ങിയത്. കഴിഞ്ഞ കൗൺസിലിൽ മേയറായിരുന്ന വി.കെ.പ്രശാന്ത് തുടർ നടപടികൾ വേഗത്തിലാക്കി. കുന്നുകുഴി വാർഡിൽ ബാർട്ടൺഹില്ലിലാണ് എട്ടരകോടി രൂപ ചെലവിൽ മേയേഴ്സ് ഭവൻ പണിയാൻ തീരുമാനിച്ചത്. തലസ്ഥാനത്ത് എത്തുന്ന മറ്റു മേയർമാർക്കും താമസിക്കാൻ സൗകര്യമുളള മന്ദിരമായതിനാൽ നിർമ്മാണച്ചെലവ് തുല്യമായി പങ്കിടാനും കോർപറേഷനുകളുമായി ധാരണയിലെത്തിയിരുന്നു.
മൂന്നു നിലകെട്ടിടത്തിൽ ഏറ്റവും താഴെ മേയറുടെ ഓഫീസും ഒാഡിറ്റോറിയവും. രണ്ടാം നിലയിൽ മറ്റു കോർപറേഷനുകളിലെ മേയർമാർ വരുമ്പോൾ താമസിക്കാനുളള സൗകര്യം. മൂന്നാം നിലയിലാണ് തലസ്ഥാന മേയറുടെ വസതി. ബാർട്ടൺഹില്ലിലെ അങ്കണവാടി ഇരിക്കുന്ന സ്ഥലമാണ് ഇതിനായി കണ്ടെത്തിയത്. അങ്കണവാടി സമീപത്തെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റാനും തീരുമാനിച്ചിരുന്നു. പ്രദേശവാസികളിൽ ചിലർ എതിർത്തതോടെ നിർമ്മാണം തുടങ്ങാനായില്ല. നാട്ടുകാരെ വിശ്വാസത്തിലെടുത്ത് നിർമ്മാണം ഉടൻ തുടങ്ങാനാണ് ആലോചന.
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ മുടവൻമുഗളിൽ വാടകവീട്ടിലാണ് താമസിക്കുന്നത്. വാഹനം വീട്ടുമുറ്റത്ത് എത്തില്ല. താൻ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ തുടരുമെന്നും തത്ക്കാലം മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു ആര്യാ രാജേന്ദ്രന്റെ പ്രതികരണം.
കോഴിക്കോടിനുണ്ട് സ്വന്തം മേയർ ഭവൻ
കോഴിക്കോട്: കേരളത്തിൽ മേയർക്ക് ഔദ്യോഗിക വസതി സ്വന്തമായുള്ളത് കോഴിക്കോട് കോർപ്പറേഷനിൽ മാത്രം. ബീച്ചിലെ കോർപ്പറേഷൻ ഓഫീസിന് സമീപത്തായി അമ്പതു വർഷം മുമ്പ് ഒരു സേട്ടുവിൽ നിന്ന് വാങ്ങിയ പഴയകാല പ്രൗഡിയുള്ള കെട്ടടത്തിലാണ് മേയറുടെ വാസം.
ഒരു ഏക്കർ മുപ്പത് സെന്റ് സ്ഥലത്ത് മൂവായിരത്തിലധികം ചതുരശ്ര അടി വിസ്തൃതിയുള്ള ബംഗ്ളാവിൽ പുതിയ താമസക്കാരിയായി മേയർ ഡോ. ബീന ഫിലിപ്പ് വൈകാതെയെത്തും. സ്ഥാനമൊഴിഞ്ഞ മേയർ തോട്ടത്തിൽ രവീന്ദ്രൻ തന്റെ വീട് നഗര മധ്യത്തിൽ ആയതിനാൽ ഇവിടെ താമസിച്ചിരുന്നില്ല. യാതൊരു കാരണവശാലും വലിയ തുക ചെലവഴിച്ച് മോടി പിടിപ്പിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് പുതിയ മേയർ.
ഒന്നര ഏക്കറിൽ നിന്ന് 20 സെന്റ് സ്ഥലം കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റഡി സെന്ററിനായി വിട്ടുകൊടുത്തിട്ടുണ്ട്.
മനോഹരമായ തോട്ടവും വിശാലമായ കാർ പാക്കിംഗ് സൗകര്യവുമുണ്ട്. കാലാകാലങ്ങളിൽ അറ്റകുറ്റ പണികളും ചില പരിഷ്കാരങ്ങളും വരുത്തിയതൊഴിച്ചാൽ കെട്ടിടത്തിന്റെ ഘടനയിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ല.
പൊതുജനങ്ങൾക്ക് മേയറെ കണ്ട് പരാതികൾ ബോധിപ്പിക്കാൻ ഓഫീസിനോട് തൊട്ടടുത്ത് വസതി ഒരുക്കണമെന്ന അഭിപ്രായം ഉയർന്നതിനെ തുടർന്നാണ് മേയർ ഭവൻ ഉണ്ടാവുന്നത്. മറ്റു മിക്ക സംസ്ഥാനങ്ങളിലും മേയർമാർക്ക് ഒൗദ്യോഗിക വസതിയുണ്ട്. കേരളത്തിലെ തിരുവനന്തപുരം,കൊല്ലം, കൊച്ചി, തൃശൂർ,കണ്ണൂർ കോർപ്പറേഷനുകളിൽ മേയർക്ക് ഒൗദ്യോഗിക വസതിയില്ല.