city-gas

കൊച്ചി: ഇടയ്ക്കിടെ പാചകവാതകത്തിന് (എൽ പി ജി) വില വർദ്ധിക്കുന്നത് സാധാരണക്കാർക്ക് ഇരുട്ടടിയാണ് നൽകുന്നത്. കൂടാതെ ഉപയോഗിക്കുമ്പോൾ അപകടം വരാനുള്ള സാദ്ധ്യതയും കൂടുതലാണ്. അവിടെയാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രസക്തി. എൽ പി ജിയെക്കാൾ ചിലവും അപകടവും കുറഞ്ഞതാണ് സിറ്റി ഗ്യാസ് പദ്ധതി.

വീടുകളിൽ പൈപ്പ്‌ലൈൻ വഴിയാണ് ഗ്യാസ് ലഭിക്കുക. എൽ എൻ ജി പൈപ്പ്‌ലൈനിൽ നിന്ന് ഇന്ത്യൻ ഓയിൽ -അദാനി ഗ്യാസ് ലിമിറ്റഡാണ് സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്. എൽഎൻ ജി പൈപ്പ്‌ലൈൻ കമ്മിഷൻ ചെയ്യുന്നതോടെ പൈപ്പ് കടന്നുപോകുന്ന ഏഴു ജില്ലകളിലെ വീടുകളിലും സ്ഥാപനങ്ങളിലും പാചകവാതകം ലഭ്യമാകും.

2016 ഫെബ്രുവരി 20 ന് ഉദ്ഘാടനം ചെയ്ത സിറ്റി ഗ്യാസ് എറണാകുളം ജില്ലയിലെ 3,500 വീടുകളിൽ ലഭിക്കുന്നുണ്ട്. മാസം തോറും ആയിരം വീടുകളിൽ കൂടി സിറ്റി ഗ്യാസ് എത്തിക്കുമെന്ന് കമ്പനി വക്താവ് പറഞ്ഞു. പദ്ധതി പ്രാവർത്തികമാകുന്നതോടെ 24 മണിക്കൂറും പ്രകൃതി വാതകം ആവശ്യാനുസരണം ലഭിക്കും. എൽ പി ജിയെക്കാൾ 30 ശതമാനം വിലക്കുറവുണ്ടാകും.

ജില്ലയിലെ മുഴുവൻ താലൂക്കുകളിലും പദ്ധതി നടപ്പാക്കും. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ, കുണ്ടന്നൂർ, ഇടപ്പള്ളി, ആലുവ മേഖലകളിൽ പൈപ്പ് ലൈൻ സ്ഥാപിച്ചു. അങ്കമാലിയിലേക്കും പെരുമ്പാവൂരിലേക്കും കോലഞ്ചേരിയിലേക്കും പൈപ്പിടൽ തുടരുകയാണ്. ആറ് മുനിസിപ്പാലിറ്റികളിലും പൈപ്പിടൽ ആരംഭിച്ചു. തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ 2,500 വീടുകളിൽ കണക്ഷൻ നൽകി. കളമശേരി മുനിസിപ്പാലിറ്റിയിൽ ആറു വാർഡുകളിലെത്തി. സൗത്ത് കളമശേരി, എടയാർ വ്യവസായ മേഖലകളിൽ മാർച്ചിലും അങ്കമാലിയിൽ ജൂണിലും സിറ്റി ഗ്യാസെത്തും. കൊച്ചി കോർപ്പറേഷനിലെ 18 ഡിവിഷനുകളിൽ പൈപ്പിടൽ ഉടൻ ആരംഭിക്കും.

ബില്ലടയ്‌ക്കേണ്ടത് മീറ്റർ റീഡിംഗ് പ്രകാരമാണ്. ഗാർഹിക ഉപഭോക്താക്കൾക്ക് ഒരു യൂണിറ്റിന് 752.92 രൂപയാണ് വില. നാലു പേരുൾപ്പെട്ട കുടുംബത്തിൽ ശരാശരി പ്രതിമാസ ഉപയോഗം 0.4 യൂണിറ്റായാണ് കണക്കാക്കുന്നത്. ഇതിന് 300 രൂപയാണ് മാസം ചെലവ്. വാണിജ്യ ഉപഭോക്താക്കൾക്ക് 850.33 രൂപയും വ്യാവസായിക ഉപഭോക്താക്കൾക്ക് 720.72 രൂപയും. വാഹനങ്ങൾക്ക് നൽകുന്ന സി.എൻ.ജിക്ക് കിലോഗ്രാമിന് 57.30 രൂപയാണ് വില.

തലസ്ഥാനത്ത് ഒരു വർഷത്തിനകം

നഗരത്തിലെ വീടുകളിലേക്ക് പാചകവാതകമെത്തിക്കുന്ന സിറ്റിഗ്യാസ് പദ്ധതി നിർമ്മാണത്തിനും തുടക്കമായി. ഈ വർഷം അവസാനമോ, അടുത്ത വർഷമാദ്യമോ സിറ്റി ഗ്യാസ് വീടുകളിൽ വിതരണത്തിനാകുമെന്ന് കരാറേറ്റെടുത്ത ഫിലിപ്പൈൻസ് കമ്പനി വക്താക്കൾ പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ സർവേ നടപടികൾ പൂർത്തിയായി. വിതരണത്തിനുള്ള സബ്‌സ്റ്റേഷൻ നിർമ്മാണമാണിപ്പോൾ നടക്കുന്നത്. 10 പി.എൻ.ജി.സ്റ്റേഷന്റെയും 15 സി.എൻ.ജി. സ്റ്റേഷന്റെയും നിർമ്മാണമാണിപ്പോൾ നടക്കുന്നത്. ഇത് പൂർത്തിയായാൽ ആദ്യഘട്ട വിതരണവും ഹൗസ് കണക്ഷനും നൽകും.

അതേസമയം, നിലവിലെ അടിസ്ഥാനസൗകര്യങ്ങൾ ഉപയോഗപ്പെടുത്തി രണ്ടു മാസത്തിനുള്ളിൽ സി.എൻ.ജി വിതരണം ആരംഭിക്കാനുള്ള സാദ്ധ്യതയും സർക്കാർ തേടുന്നുണ്ട്. ഇതിനായി ആനയറയിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഗ്യാസ് സ്റ്റേഷൻ ഉപയോഗപ്രദമാക്കുന്നതും പരിഗണനയിലുണ്ട്.

ഫിലിപ്പൈൻസിലെ മനില ആസ്ഥാനമായ അറ്റ്‌ലാന്റിക് ഗൾഫ് ആൻഡ് പസഫിക് കമ്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമായ എ.ജി.ആൻഡ് പി. എൽ.എൻ.ജി മാർക്കറ്റിംഗിനാണ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഗ്യാസ് വിതരണത്തിന് കേന്ദ്ര റെഗുലേറ്ററി ബോർഡ് അനുമതി നൽകിയത്. 2019 മാർച്ച് 29ന് കരാറൊപ്പിട്ടു. ബി.ഒ.ഇ അടിസ്ഥാനത്തിലുള്ള കരാർ അനുസരിച്ച് മൂന്ന് ജില്ലകളിലെ 6087 ചതുരശ്രകിലോമീറ്റർ പ്രദേശത്ത് പി.എൻ.ജി വിതരണത്തിനാണ് അനുമതി. 291 സി. എൻ. ജി. വിതരണകേന്ദ്രങ്ങളും 18,51,111 ഗാർഹിക കണക്ഷനുകളാണ് ലക്ഷ്യമിടുന്നത്. എട്ടു വർഷം കൊണ്ട് മൂന്ന് ജില്ലകളിലും പി.എൻ.ജി. എത്തിക്കാനാണ് കരാർ. ഗെയിൽ പൈപ്പ് ലൈൻ വരുന്നത് എറണാകുളം വരെയാണ്. അതുകൊണ്ട് തിരുവനന്തപുരമുൾപ്പെടെയുളള തെക്കൻ ജില്ലകളിൽ പി.എൻ.ജിയും സി.എൻ.ജിയും എത്തിക്കുന്നതിന് എറണാകുളം മുതൽ തിരുവനന്തപുരം വരെ മെയിൻ പൈപ്പ് ലൈൻ നീട്ടണം. അതിന് സാദ്ധ്യത കുറവായതിനാൽ, വൻകിട ഗ്യാസ് സ്റ്റേഷനുകൾ സ്ഥാപിച്ച് അതിലേക്ക് കരമാർഗം വാഹനങ്ങളിൽ ഗ്യാസെത്തിച്ച് വിതരണം ചെയ്യുന്നരീതിയാണ് നടപ്പാക്കുന്നത്.