ന്യൂഡൽഹി: കരാർ കൃഷിയിലേക്കിറങ്ങാൻ പദ്ധതിയില്ലെന്നും, കർഷകരെ ശാക്തീകരിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ). കരാർ കൃഷിക്കായി ഒരിക്കലും കൃഷി ഭൂമി വാങ്ങിയിട്ടില്ലെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.
തങ്ങളുടെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ കർഷകരിൽ നിന്ന് നേരിട്ട് ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നില്ലെന്നും റിലയൻസ് പ്രസ്താവനയിൽ പറഞ്ഞു. സർക്കാർ നിശ്ചയിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന താങ്ങുവില (എംഎസ്പി) സംവിധാനം കർശനമായി പാലിക്കാൻ വിതരണക്കാർക്ക് നിർദേശം നൽകുമെന്നും കമ്പനി അറിയിച്ചു.
കർഷകരിൽ നിന്ന് അന്യായ ലാഭം കൈക്കലാക്കാൻ ദീർഘകാല സംഭരണ കരാറുകളിൽ ഏർപ്പെട്ടിട്ടില്ലെന്നും, വിതരണക്കാർ ന്യായമായ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് കർഷകരിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ശ്രമിച്ചിട്ടില്ലെന്നും, അങ്ങനെ ഒരിക്കലും ചെയ്യില്ലെന്നും കമ്പനി വ്യക്തമാക്കി.
പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ അടുത്തിടെ പഞ്ചാബിലെ 1500 ത്തോളം മൊബൈൽ ടവറുകളും, ടെലികോം ഉത്പന്നങ്ങളും നശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ടവറുകൾ നശിപ്പിച്ചതിനെതിരെ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ചില നിക്ഷിപ്ത താൽപര്യങ്ങളും ബിസിനസ് എതിരാളികളുമാണ് ഇതിന് പിന്നിലെന്നും റിലയൻസ് ആരോപിച്ചു.
നവംബറിൽ ചില കർഷകർ പഞ്ചാബിലെ റിലയൻസ് ഫ്രഷ് സ്റ്റോറുകൾ അടപ്പിച്ചിരുന്നു.പുതിയ നിയമങ്ങൾ കോർപ്പറേറ്റ് ചൂഷണത്തിന് വഴിയൊരുക്കുമെന്നും, കമ്പനികൾ തങ്ങളുടെ ഭൂമി തട്ടിയെടുക്കുമെന്നും അവർ ഭയപ്പെടുന്നുണ്ട്. കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നവംബർ 26 മുതൽ ആയിരക്കണക്കിന് കർഷകർ ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുകയാണ്.
ഒന്നിലധികം തവണ കേന്ദ്ര സർക്കാർ കർഷകരുമായി ചർച്ച നടത്തിയെങ്കിലും, എല്ലാം പരാജയപ്പെടുകയായിരുന്നു. പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് ഗുണമേ ചെയ്യൂവെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. ഇന്ന് വീണ്ടും കർഷകരുമായി സർക്കാർ ചർച്ച നടത്തും.