തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി പ്രകാശൻ മാസ്റ്ററെ നീക്കി. മന്ത്രിയുമായി അഭിപ്രായഭിന്നത നിലനിൽക്കെയാണ് പാർട്ടി നടപടി. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. പാർട്ടി പരിപാടികളിൽ ശ്രദ്ധിക്കാനാണ് പ്രകാശൻ മാസ്റ്ററെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് സി പി എം വിശദീകരണം.
സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പ്രകാശൻ മാസ്റ്റർ കണ്ണൂരിൽ നിന്നുളള പ്രമുഖ നേതാവാണ്. ഇ പി ജയരാജനുമായുളള അഭിപ്രായഭിന്നത മൂലം ഓഫീസ് സ്റ്റാഫിൽ നിന്നും ഒഴിവാക്കപ്പെടുന്ന മൂന്നാമത്തെയാളാണ് ഇദ്ദേഹം. പ്രകാശൻ മാസ്റ്ററെ മന്ത്രിയുടെ സ്റ്റാഫിൽ നിന്നും മാറ്റണമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റും നിർദേശിച്ചിരുന്നു. ജില്ലാ കമ്മിറ്റിയുടെ ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. അഴീക്കോട് നിയോജക മണ്ഡലത്തിൽ നിന്നും രണ്ട് തവണ പ്രകാശൻ മാസ്റ്റർ നിയമസഭാംഗമായിട്ടുണ്ട്.