khamarudeen

കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീന് മൂന്ന് കേസുകളിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യകാരണത്താലാണ് ജാമ്യം. എന്നാൽ മ‌റ്റ് കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ ഖമറുദ്ദീന് പുറത്തിറങ്ങാനാകില്ല. ആകെ 85 കേസുകളാണ് ഫാഷൻ ഗോൾഡ് തട്ടിപ്പിൽ എം.എൽ.എയ്‌ക്കെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.

അറസ്‌റ്റിലായിട്ട് 56 ദിവസം പിന്നിട്ടതായും മൂന്ന് തവണ പൊലീസ് തന്നെ ചോദ്യം ചെയ്‌തെന്നും ജാമ്യഹർജിയിൽ ഖമറുദ്ദീൻ കോടതിയെ അറിയിച്ചു. നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാലും ആരോഗ്യ പ്രശ്‌നങ്ങളുള‌ളതുകൊണ്ടും തനിക്ക് ജാമ്യം അനുവദിക്കണമെന്നും താൻ വേണമെങ്കിൽ കേസ് നടക്കുന്ന പരിധിയിൽ പ്രവേശിക്കാതെ തിരുവനന്തപുരത്തെ എംഎൽഎ ഹോസ്‌റ്റലിൽ തന്നെ തങ്ങിക്കൊള‌ളാമെന്നും ഖമറുദ്ദീൻ ജാമ്യഹർജിയിൽ പറഞ്ഞു. അതേസമയം കേസിൽ അന്വേഷണം നടക്കുകയാണെന്നും ഖമറുദ്ദീന്റെ പേരിൽ 85 കേസുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കേസുള‌ള കാസർകോട്ടെ പരിധിയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം എന്നിങ്ങനെ മൂന്ന് ഉപാധികളിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ മ‌റ്റ് 82 കേസിലും ജാമ്യം ലഭിക്കേണ്ടതിനാൽ ഖമറുദ്ദീൻ അടുത്ത ദിവസം തന്നെ ഇതിനായി കോടതിയെ സമീപിക്കും.