eee

ലോകപ്രശസ്ത ബാസ്‌ക്കറ്റ് ബോൾ താരമായ മൈക്കേൽ ജോർദാൻ കഥ ജീവിതവിജയം കാംക്ഷിക്കുന്ന ഏവരെയും പ്രചോദിപ്പിക്കുന്നതാണ്. എം.ജെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അദ്ദേഹം വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ കൂടിയാണ്.പക്ഷേ അദ്ദേഹത്തിനും വളരെ ദരിദ്രമായ ഒരു ഭൂതകാലമുണ്ടായിരുന്നു. തീരെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ച അദ്ദേഹം കഴിഞ്ഞിരുന്നത് ഒരു കുടിലിൽ ആയിരുന്നു. അതുകൊണ്ട് ചെറുപ്പകാലത്തുതന്നെ ഈ പട്ടിണിയിൽ നിന്നു മോചനം നേടാനുള്ള വഴികളെക്കുറിച്ച് മൈക്കേൽ ജോർദാൻ ചിന്തിച്ചിരുന്നു.

മൈക്കേലിനു 13 വയസ് ഒരു ദിവസം അവനെ അച്ഛൻ അദ്ദേഹത്തിന്റെ അരികിലേക്ക് വിളിച്ചു. എന്നിട്ട് ഒരു പഴകിയ കോട്ട് എടുത്ത് അവന്റെ കൈയിൽ കൊടുത്തിട്ടു ചോദിച്ചു.

''മോനേ, ഈ കോട്ടിന് എന്തു വിലയാകും എന്നറിയാമോ?""

അവൻ കുറേനേരം ആലോചിച്ചിട്ടു പറഞ്ഞു.

''ഇതിന് ഒരു ഡോളർ എങ്കിലും വില വരും.""

'' ശരി, എങ്കിൽ നീ ഈ കോട്ട് ചന്തയിൽ കൊണ്ടുപോയി രണ്ടു ഡോളറിനു വിൽക്കണം.""

മൈക്കേൽ അത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. കോട്ട് വൃത്തിയായി കഴുകി ഉണക്കി. ഇസ്തിരിയിടാനുള്ള തേപ്പുപെട്ടി ആ വീട്ടിൽ ഇല്ലായിരുന്നു. അതുകൊണ്ട് മറ്റു തുണികളുടെ അടിയിൽവച്ച് അവൻ ചുളിവുകൾ മാറ്റി. അടുത്തദിവസം ആ കോട്ട് കാണാൻ ഭംഗിയുള്ളതായിരുന്നു.

തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിലേക്ക് അവൻ ആ കോട്ടുമായി പോയി. ആരും ആ പഴയ കോട്ടിനോട് താത്പര്യം കാണിച്ചില്ല. ഒടുവിൽ അഞ്ചുമണിക്കൂറിനു ശേഷം ഒരാൾ വന്ന് ആ കോട്ട് വാങ്ങി.

അവന് വലിയ സന്തോഷമായി. സന്തോഷമുള്ള മനസും കോട്ട് വിറ്റുകിട്ടിയ രണ്ടു ഡോളറുമായി അവൻ അച്ഛന്റെ അരികിൽ എത്തി. വിറ്റുകിട്ടിയ പണം കൊടുത്തു. അച്ഛനും വലിയ ആഹ്ലാദമായി. രണ്ടാഴ്ച കഴി‌ഞ്ഞ് അച്ഛൻ മൈക്കേലിനെ മറ്റൊരു ദൗത്യം ഏല്പിച്ചു. അതും ഒരു വസ്ത്രമായിരുന്നു. ഇരുപത് ഡോളറിന് അതു വിറ്റിട്ടുവരണം എന്നാണ് അച്ഛൻ പറഞ്ഞത്.

ഈ കോട്ട് വിൽക്കാനുള്ള ഉപായത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ അവന് ഒരാശയം കിട്ടി. മിക്കിമൗസിന്റെ ചിത്രം പതിച്ചാൽ കുട്ടികൾ അത് വാങ്ങിയേക്കും. അങ്ങനെ മിക്കി മൗസ് ചിത്രമുള്ള കോട്ടുമായി ധനികരായ കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ മുൻവശത്ത് അവൻ നിലയുറപ്പിച്ചു. അപ്പോൾ മിക്കി മൗസ് ചിത്രമുള്ള കോട്ടുവാങ്ങിക്കാൻ ഒരു കൊച്ചുകുട്ടി അവളുടെ അച്ഛനെ നിർബന്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. കുട്ടിയുടെ നി‌ർബന്ധവും കൊഞ്ചലും അയാളുടെ മനസലിയിച്ചു. അങ്ങനെ 25 ‌ഡോളർ കൊടുത്ത് ആ കോട്ട് അയാൾ വാങ്ങി മകൾക്ക് കൊടുത്തു.

അച്ഛന് മകന്റെ കഴിവിൽ അത്യധികം സന്തോഷം തോന്നി. കുറച്ചുദിവസം കഴിഞ്ഞ് അദ്ദേഹം പുതിയ ഒരു ദൗത്യം മകനെ ഏല്പിച്ചു. സാധാരണക്കാർ ഉപയോഗിക്കുന്ന വലിയ വിലയൊന്നുമില്ലാത്ത ഒരു കോട്ടായിരുന്നു ഇത്തവണത്തെ ഉല്പന്നം. അത് മകന്റെ മുമ്പിൽ വച്ചിട്ടു പറഞ്ഞു. '' നീ ഇത് 200 ഡോളറിന് വിൽക്കണം.""

മകൻ ഞെട്ടിപ്പോയി.

'' രണ്ട് ഡോളർ പോലും കിട്ടാത്ത ഈ കോട്ട് ഞാൻ എങ്ങിനെയാണച്ഛാ 200 ഡോളറിന് വിൽക്കുന്നത്?""

'' നിനക്കതിന് കഴിയുമെന്ന് എനിക്കുറപ്പുണ്ട്. വെറുതേ ഒന്നു ശ്രമിച്ചുനോക്കൂ.""

എന്തായാലും ആ വെല്ലുവിളി ഏറ്റെടുക്കാൻ തന്നെ മൈക്കേൽ തീരുമാനിച്ചു. അവൻ ഉടൻ തന്നെ നഗരത്തിലേക്ക് പോയി. പെട്ടെന്ന് അവന്റെ മനസിൽ ഒരാശയം ഉദിച്ചു. അന്നത്തെ സൂപ്പർ താരമായ ഒരു സിനിമാനടി ആ നഗരത്തിൽ ഒരു പരിപാടക്കായി എത്തിയിട്ടുണ്ട്. അവരെ കാണാൻ കഴിഞ്ഞാൽ ആ കോട്ട് വലിയ വിലയ്ക്ക് വിൽക്കാൻ കഴിയും.

നടിയെ കാണാൻ ആർത്തിരമ്പുന്ന ആൾക്കൂട്ടത്തിനിടയിൽ പെട്ട് പലതവണ അവൻ വീണു. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നന്നേ പാടുപെട്ടു. നടിയെ ഒന്നുകാണാൻ അനുവദിക്കണമെന്ന് അവൻ പൊലീസിന്റെ കാലുപിടിച്ചു പറഞ്ഞു. ദയതോന്നിയ ഒരു പൊലീസുദ്യോഗസ്ഥൻ അവനെ നടിയുടെ അടുക്കലേക്ക് വിട്ടു. അവൻ തൊഴുകൈയുമായി ആ സൂപ്പർ താരത്തോട് പറഞ്ഞു.

'' മാഡം, എന്റെ ഈ കോട്ടിൽ മാ‌ഡത്തിന്റെ ഒരു കൈയൊപ്പ് ചാർത്തിതരണം. ഞാൻ ഇത് നിധിപോലെ സൂക്ഷിക്കും.""

ആ കുട്ടിയുടെ വിനയവും നിഷ്കളങ്കതയും താരത്തിന് ഇഷ്ടമായി. അവർ ഉടൻതന്നെ ആ കോട്ടിൽ ഒപ്പിച്ചുകൊടുത്തു. അവരോട് നന്ദി പറഞ്ഞു പുറത്തിറങ്ങിയ അവൻ മാർക്കറ്റിൽ ചെന്ന് കോട്ട് വില്പനയ്ക്ക് വച്ചു. സിനിമാതാരത്തിന്റെ കൈയൊപ്പുള്ള ആ കോട്ട് വാങ്ങിക്കാൻ ആൾക്കാർ തിങ്ങിക്കൂടി. അങ്ങനെ അവൻ അതു ലേലം ചെയ്തു. അല്പസമയം കൊണ്ട് 2000 ഡോളറിന് അവന് ആ കോട്ട് വിൽക്കാൻ കഴിഞ്ഞു.

200 ഡോളറിന്റെ സ്ഥാനത്ത് 2000 ഡോളറുമായി ചെന്ന മകന്റെ മൂർദ്ധാവിൽ ചുംബിച്ച് ആ അച്ഛൻ പറഞ്ഞു:

'' നിനക്ക് ജീവിതത്തിൽ എന്തും നേടാൻ കഴിയും. ഇനി തിരിഞ്ഞുനോക്കേണ്ട കാര്യമേ ഇല്ല.""

അതെ! മൈക്കേൽ ജോർദ്ദാന്റെ വിജയപാത അങ്ങനെയാണ് വെട്ടിത്തെളിച്ചത്.