afghan

കാബൂൾ: ചാര പ്രവർത്തനത്തിനിടെ പിടിയിലായ വനിത ഉൾപ്പടെ പത്തുപേരെ ചൈനയിലേക്ക് തിരികെയയച്ച് അഫ്‌ഗാനിസ്ഥാൻ സർക്കാർ. ഒരു ഭീകരവാദ സെൽ പ്രവർത്തിക്കുന്നതറിഞ്ഞ് നടത്തിയ അന്വേഷണത്തിൽ പിടികൂടിയ പത്തുപേരെയാണ് പ്രസിഡന്റ് അഷ്‌റഫ് ഖാനിയുടെ നിർദ്ദേശത്തെ തുട‌ർന്ന് വിട്ടയച്ചത്. ഇവരെ മോചിപ്പിക്കാനുള‌ള കാരണം വ്യക്തമല്ല.

അഫ്‌ഗാൻ ദേശീയ സുരക്ഷാ ഏജൻസിയാണ് ഡിസംബർ 10ന് ഇവരെ അറസ്‌റ്റ് ചെയ്‌തത്. ചാരന്മാരെ അയച്ചതിന് ചൈനീസ് ഭരണകൂടം അഫ്‌ഗാനോട് മാപ്പുപറഞ്ഞതായും വിവരമുണ്ട്. ചൈനീസ് ഔദ്യോഗിക ചാരസംഘടനയിലെ അംഗങ്ങളാണ് പിടിയിലായവരെല്ലാം. ഇവർക്ക് ചൈനയിലേക്ക് തിരികെ പോകുന്നതിന് ചൈനീസ് സർക്കാർ പ്രത്യേക വിമാനം തന്നെ അയച്ചുകൊടുത്തു.

എന്നാൽ വിദേശത്ത് നിന്നും വന്ന ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്നും തട്ടിക്കൊണ്ടുപോകലിനും വധശ്രമത്തിനുമാണ് ചിലരെ അറസ്‌റ്റ് ചെയ്‌തതെന്നാണ് അഫ്‌ഗാൻ വൈസ് പ്രസിഡന്റ് അമ്രുള‌ള സലെഹ് അറിയിച്ചു. സംഭവത്തിൽ ചൈനീസ് സ്ഥാനപതി വാംഗ് യു ക്ഷമ പറഞ്ഞതായാണ് അറിവ്. പക്ഷെ സംഭവത്തെ കുറിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. പിടിയിലായ പത്ത് പേരിൽ രണ്ടുപേർക്ക് ഹഖാനികളുമായി ബന്ധമുണ്ടെന്നാണ് ലഭ്യമായ വിവരം. താലിബാന്റെ വലംകൈയായ സംഘടനയാണ് ഹഖാനി. ആയുധങ്ങൾ, വെടിമരുന്നുകൾ, കെ‌റ്റാമിൻ എന്ന മയക്കുമരുന്ന് പൊടി എന്നിവ ചാരന്മാരിൽ നിന്ന് അഫ്ഗാൻ ഏജൻസികൾ പിടിച്ചെടുത്തു. ഈസ്‌റ്റ് തുർക്ക്മെനിസ്ഥാൻ ഇസ്ളാമിക് മൂവ്മെന്റ് എന്ന വ്യാജ തീവ്രവാദ ഗ്രൂപ്പുണ്ടാക്കാനാണ് ചാരന്മാർ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്.

സിൻജിയാംഗ് പ്രവിശ്യയിലെ ഉയ്‌ഗുർ മുസ്ളീങ്ങൾ രാജ്യത്തിന് ഭീഷണിയാണെന്ന് വരുത്തുന്നതിന് ചൈന തന്നെ സൃഷ്‌ടിച്ച വ്യാജ തീവ്രവാദ സംഘമായിരുന്നു ഇത്. തീവ്രവാദ സ്വഭാവമുള‌ള സംഘടന എന്ന വിഭാഗത്തിൽ നിന്നും അമേരിക്ക ഈ സംഘടനയെ ഒഴിവാക്കിയതാണ്.എന്നാൽ ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗൺസിൽ സംഘടനയെ തീവ്രവാദ സംഘടനയായാണ് കാണുന്നത്.