eee

കാലിൽ ധരിക്കാനുള്ളതല്ലേ ചെരിപ്പ്, അതിനൊക്കെ ഇത്രമാത്രം പ്രാധാന്യം നൽകേണ്ടതുണ്ടോ എന്ന് സ്വാഭാവികമായും ചിന്തിക്കുന്നവരുണ്ട്. ആ ധാരണ തെറ്റാണ്. കാൽപ്പാദങ്ങളോട് സത്യസന്ധത പുലർത്താൻ മറക്കരുത്. കാരണം, അവയാണ് നമ്മെ താങ്ങി നിറുത്തുന്നത്. കാലുകളുടെ ആരോഗ്യത്തിനും ഭംഗിക്കും ചെരിപ്പുകൾ തിരഞ്ഞെടുക്കുമ്പോഴും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.കാലിന്റെ സൈസ് പറഞ്ഞ് ചെരിപ്പെടുക്കുന്നത് ഒഴിവാക്കുക. കാലിൽ ധരിച്ച് പാകമാണെന്ന് ഉറപ്പാക്കിയ ശേഷം വേണം അളവ് തീരുമാനിക്കാൻ. ഒരു ദിവസത്തെ യാത്രയും പകലത്തെ ചൂടും കഴിഞ്ഞ് കാലുകൾ നന്നായി വികസിച്ചിരിക്കുന്നത് വൈകുന്നേരങ്ങളിലാണ്. അതുകൊണ്ട് ചെരിപ്പുവാങ്ങാൻ രാവിലെയോ ഉച്ചയ്ക്കോ പോകുന്നത് ഉചിതമല്ല. വൈകുന്നേരം നാലുമണിക്ക് ശേഷം ചെരിപ്പ് വാങ്ങാൻ പോകുന്നതാണ് ഏറ്റവും നല്ലത്. പ്രസവശേഷം തൂക്കം കൂടുന്നതിനനുസരിച്ചും പാദങ്ങളുടെ വലിപ്പത്തിന് മാറ്റം സംഭവിച്ചുകൊണ്ടിരിക്കും. അതിനാൽ വാങ്ങാൻ പോകുന്ന എല്ലാ സന്ദർഭങ്ങളിലും കൃത്യമായ അളവ് എടുത്തിരിക്കണം. കാലിന്റെ അളവ് പഴയാതാകുമെന്ന മുൻധാരണ ഒഴിവാക്കുക. അതുപോലെ, കാൽവിരലുകൾക്ക് ഞെരുക്കമില്ലാതെ ഇരിക്കാൻ കഴിയുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. യാത്രസുഖകരമാക്കാനും വേദന ഒഴിവാക്കാനും ഉപകരിക്കും. കാലിലെ ഏറ്രവും നീളം കൂടിയ വിരലിൽ നിന്ന് ചെരിപ്പിന്റെ അഗ്രഭാഗത്തിന് കാലിഞ്ച് മുതൽ അരയിഞ്ച് വരെ നീളമാകാം. കുട്ടികൾക്ക് ഷൂസുകളെടുക്കുമ്പോൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.

പാദസൗന്ദര്യം

വിണ്ടുകീറിയ കാലുകൾ എപ്പോഴും അഭംഗിയാണ്. പ്രായം കൂടുന്തോറും കാലുകൾ വിണ്ടുകീറാനുള്ള സാദ്ധ്യതയും ഏറെയാണ്. എന്നാൽ വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ചില ടിപ്‌സുകളുണ്ട്. ഒരു പാത്രത്തിൽ ഇളം ചൂടുള്ള വെള്ളമെടുത്ത് അല്‌പം തേയിലപ്പൊടി ഇടുക. പിന്നീട് പാദങ്ങൾ പതിനഞ്ച് മിനിട്ടോളം അതിൽ മുക്കിവയ്‌ക്കുക. എത്രപരുക്കൻ തൊലിയാണെങ്കിലും അവയെ മൃദുവാക്കി മാറ്റാൻ തേയില‌യ്‌ക്ക് കഴിയും. അതിനുശേഷം ഒരു പ്യൂമിക് സ്റ്റോൺ ഉപയോഗിച്ച് കാൽപാദം നന്നായി തേച്ചുരച്ച് കഴുകിയാൽ മതി. അല്‌പം ക്രീം കൂടി പുരട്ടിയാൽ നിങ്ങൾക്ക് ആത്മവിശ്വാസത്തോടെ നടന്നുതുടങ്ങാം.

ee

പാദരക്ഷകൾ സൗന്ദര്യം വർദ്ധിപ്പിക്കും

ഇന്നത്തെ ഫാഷൻ ലോകത്ത് വസ്ത്രങ്ങൾക്കൊപ്പം തുല്യപ്രാധാന്യം പാദരക്ഷകൾക്കും ഉണ്ട്. പാദരക്ഷയും ഹാൻഡ് ബാഗും ധരിക്കുന്ന വസ്ത്രങ്ങളോട് മാച്ച് ചെയ്‌തു പോകണം എന്നതുകൊണ്ട് തന്നെ സ്വന്തമായി ഡിസൈൻ ചെയ്‌ത് അവ തുന്നിപ്പിച്ചെടുക്കുന്നവരും കുറവല്ല. ചെരിപ്പുകൾ സ്റ്റൈലാക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണെന്ന് സാരം. ഫാഷൻ ലോകത്തിന്റെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന ഇറ്റലിയാണ് ചെരിപ്പുകളുടെ ഉറവിടം. കാലാവസ്ഥയ്‌ക്കനുസരിച്ച് ഉപയോഗപ്രദമാകുന്ന രീതിയിൽ ചെരിപ്പുകൾ നിർമ്മിക്കാൻ പല വൻകിട കമ്പനികളും മത്സരം നടത്തുന്നു.

പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം സൗന്ദര്യത്തിന്റെ മാറ്റുരയ്‌ക്കുന്ന ഘടകമായി തീർന്നിരിക്കുകയാണെല്ലോ പൊക്കം. ലോകസുന്ദരികളും വിശ്വസുന്ദരികളുമെല്ലാം അഞ്ചടി എട്ടിഞ്ചിൽ കൂടുതൽ ഉയരമുള്ളവരായി തങ്ങളുടെ മുമ്പിൽ പേരും പ്രശസ്‌തിയും നേടുമ്പോൾ തങ്ങളുടെ ഉയരവും വർദ്ധിപ്പിക്കണമെന്ന് പുതിയ കാലത്തെ കുട്ടികൾ നിർബന്ധം പിടിക്കുന്നതിൽ തെറ്റില്ല.

പെൺകുട്ടികളുടെ ഈ മനോഭാവം കണക്കിലെടുത്തുകൊണ്ട് തന്നെ ഇന്ന് പതിനഞ്ചോളം ഉയരം കൂട്ടാവുന്ന പ്ലാറ്റ് ഫോം ചപ്പലുകൾ മുതൽ കൂ‌ർത്തമുനയുള്ള ആറിഞ്ച് ഹീലുകൾ ഉള്ളവ വരെ മാർക്കറ്റിൽ സുലഭമായി ലഭിക്കുന്നു. ബാത് റൂം ചപ്പൽ മുതൽ വെഡ്ഡിംഗ് ചെരിപ്പുകൾ വരെ ഓരോ സന്ദർഭത്തിനും അനുയോജ്യമായവ മാർക്കറ്റിൽ ലഭ്യമാണ്. ചെരുപ്പുകളുടെ വർണ്ണഭംഗിയും രൂപഭംഗിയും മാത്രം കണക്കാക്കി തിരഞ്ഞെടുക്കുന്ന രീതി അത്ര ശരിയല്ല. കാലുകൾക്ക് അനുയോജ്യമായവയും സുഖം നൽകുന്നവയുമാകണം. ഷൂസുകൾ ധരിക്കുന്നവർ കാൽനഖത്തിലെ നെയിൽ പോളീഷ് പൂർണമായി കളഞ്ഞതിന് ശേഷം മാത്രമേ വിരലുകൾ മൂടുന്ന ചെരിപ്പുകൾ ഉപയോഗിക്കാവൂ.

കാൽനഖങ്ങൾ നീട്ടി വളർത്തിയവർക്കും ഷൂസുകൾ ധരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. പുതിയ ചെരുപ്പുകൾ ഉപയോഗിക്കുന്നതിനു മുമ്പ് പെഡിക്യൂർ ചെയ്‌തു കാൽപ്പാദം വൃത്തിയാക്കുന്നത് കാലുകൾക്കും ചെരിപ്പിനും കൂടുതൽ ഭംഗി നൽകും. ചെരിപ്പ് ത്വക്കുമായി സ്‌പർശിക്കുന്ന സ്ഥലങ്ങളിൽ വാസലിനോ എണ്ണയോ പുരട്ടാനും മറക്കരുത്. സോക്‌സിട്ടു ഉപയോഗിക്കേണ്ട ചെരിപ്പുകൾ സോക്‌സിട്ടു തന്നെ ഉപയോഗിക്കണം.