ബീച്ച് ടൂറിസമെന്നും ടെംപിൾ ടൂറിസമെന്നും കേട്ടിട്ടുണ്ടെങ്കിലും ഡൂം ടൂറിസം എന്നു കേട്ടിരിക്കുവാനുള്ള സാദ്ധ്യത വളരെ കുറവാണ്. ഓരോ ദിവസവും നാശത്തിലേക്ക്, അല്ലെങ്കിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളിലേക്കുള്ള യാത്രയെയാണ് ഡൂം ടൂറിസം എന്നു വിളിക്കുന്നത്. ഡൂം ടൂറിസത്തിൽ ഉൾപ്പെട്ടിരിക്കുന്ന ചില സ്ഥലങ്ങൾ പരിചയപ്പെട്ടാലോ?
ഒളിംപിയ, ഗ്രീസ്
ഗ്രീസിലെ പൗരാണിക അത്ഭുതങ്ങളിലൊന്നാണ് ഒളിംപിയ. ഇത് എക്കാലവും നിലനിൽക്കും എന്ന പ്രതീക്ഷയേ വേണ്ട. വേനൽക്കാലത്തെ കാട്ടുതീ ഇവിടേയ്ക്കടുക്കുന്നതും താപനിലയുടെ നിരന്തരമായ ഉയർച്ചയും മഴയുടെ കുറവും ആശങ്കാവഹമാണ്. അതിനാൽ, ഇവിടം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ചരിത്രപ്രേമികൾ അധികം വൈകാതെ ഇവിടെ സന്ദർശിക്കുന്നതായിരിക്കും നല്ലത്.
ഗാലപാഗോസ് ദ്വീപുകൾ, ഇക്വഡോർ
ഇക്വഡോർ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ദ്വീപുകൾ വന്യജീവികളുടെ ആവാസ കേന്ദ്രമാണ്. അത്യപൂർവ്വമായ ആമകൾ, ബഹുവർണ സാലി ലൈറ്റ്ഫൂട്ട് ഞണ്ട് എന്നിവയടക്കമുള്ള പലതരം ജീവികളുടെ ആവാസ കേന്ദ്രമായ ദ്വീപിനെ ചാൾസ് ഡാർവിൻ ഭൂമിയുടെ മിനിയേച്ചർ എന്നാണ് വിശേഷിപ്പിച്ചത്. പ്രതിവർഷം 1,60,000 വിനോദസഞ്ചാരികളാണ് ഈ ചെറിയ ദ്വീപുകൾ സന്ദർശിക്കുന്നത്, ഇത് പരിസ്ഥിതിയെ സാരമായിത്തന്നെ ബാധിക്കുന്നുണ്ട്. അനധികൃത മത്സ്യബന്ധനവും ദ്വീപുകളുടെ ദുർബലമായ ആവാസവ്യവസ്ഥയെ അപകടത്തിലാക്കുന്നു.
ആമസോൺ മഴക്കാടുകൾ
വൈവിദ്ധ്യമായ ഒട്ടനേകം സസ്യ-ജന്തുജാലങ്ങളുടെ നിരയും പുറംലോകത്തിന് പരിചിതമല്ലാത്ത ഗോത്രവർഗങ്ങളുമുള്ള ആമസോൺ മഴക്കാടുകൾ പ്രകൃതിസ്നേഹികളായ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. നിർഭാഗ്യവശാൽ, ആമസോണിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണിപ്പോൾ. കഴിഞ്ഞ ദശാബ്ദത്തിൽ മാത്രം അനധികൃത മരംമുറിക്കൽ, തീപിടുത്തം, വ്യാവസായിക അടിസ്ഥാനത്തിലുള്ള കൃഷി, ഖനനം എന്നിവ മൂലം 24,000 ചതുരശ്ര മൈൽ വനം നഷ്ടപ്പെട്ടു.
സലാർ ഡി യുയുനി, ബൊളീവിയ
ലോകത്തിലെ ഏറ്റവും വലിയ കണ്ണാടി എന്നാണ് സലാർ ഡി യുയുനി അറിയപ്പെടുന്നത്. 4,050 ചതുരശ്ര മൈലിലധികം നീണ്ടു കിടക്കുന്ന ബൊളീവിയയിലെ സലാർ ഡി യുയുനി ഉപ്പിന്റെ മഹാസമതലമാണ്. ചരിത്രാതീത കാലത്തെ തടാകങ്ങൾ വരെ ഇവിടെയുണ്ട്. മഴക്കാലത്ത് സമീപത്തുള്ള തടാകങ്ങൾ കവിഞ്ഞൊഴുകി ഈ സമതലത്തെ ജലം മൂടുമ്പോൾ അതൊരു കണ്ണാടി പോലെ ആകാശത്തെ പ്രതിഫലിപ്പിക്കുന്നത് മനോഹര കാഴ്ചയാണ്. ലാപ്ടോപ്പുകൾ, സ്മാർട്ട് ഫോണുകൾ, ഇലക്ട്രിക് കാറുകൾ എന്നിവയ്ക്ക് കരുത്ത് പകരുന്ന ലിഥിയം ഇവിടെ ഖനനം ചെയ്യുന്നുണ്ട്. അതിനാൽ തന്നെ പ്രകൃതി അണിയിച്ചൊരുക്കിയ ഈ ദൃശ്യത്തിന് ഇന്ന് മങ്ങൽ സംഭവിച്ചു കൊണ്ടിരിക്കുകയാണ്.
അംഗോർവാട്ട്, കംബോഡിയ
ലോകത്തിലെ ഏറ്റവും പുരാതനമായ ആരാധനാ കേന്ദ്രമാണ് കംബോഡിയയിലെ അംഗോർവാട്ട്. 12ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം മഹാവിഷ്ണു ക്ഷേത്രമായാണ് നിർമ്മിച്ചതെങ്കിലും പതിന്നാലാം നൂറ്റാണ്ടോടെ ക്ഷേത്രം ബുദ്ധക്ഷേത്രമായി മാറിയെന്നാണ് ചരിത്രം പറയുന്നത്. ബ്രഹ്മാവിന്റെയും മറ്റു ദൈവങ്ങളുടെയും വാസസ്ഥാനമായ മഹാമേരുവിന്റെ രൂപത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഭംഗി തന്നെയാണ് ഇതിന്റെ നാശത്തിനും കാരണമായത്. നിരന്തരമായ സഞ്ചാരികളുടെ സന്ദർശനം തന്നെയാണ് ഈ ക്ഷേത്രത്തിന്റെയും നാശത്തിന് കാരണമായി ഭവിക്കുന്നത്.