ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞം ഉടൻ ഇന്ത്യയിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് രണ്ട് കൊവിഡ് വാക്സിനുകൾ അടിയന്തരമായി ഉപയോഗിക്കാൻ അനുമതി നൽകിയതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.
രാജ്യം ശാസ്ത്രജ്ഞരോടും, സാങ്കേതിക വിദഗ്ദ്ധരോടും കടപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.നാഷണല്‍ മെട്രോളജി കോണ്‍ക്ലവ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ മോദി ദേശീയ ആണവോർജ്ജ ടൈം സ്കെയിലും, ഭാരതീയ നിർദേശക് ദ്രവ്യയും രാജ്യത്തിന് സമർപ്പിച്ചു. ദേശീയ പരിസ്ഥിതി സ്റ്റാൻഡേർഡ് ലബോറട്ടറിയുടെ തറക്കല്ലിടൽ കർമ്മവും പ്രധാനമന്ത്രി നിർവ്വഹിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷ് വർദ്ധനും ചടങ്ങിൽ പങ്കെടുത്തു.
മെയ്ഡ് ഇന്‍ ഇന്ത്യയ്ക്ക് ആഗോള തലത്തില്‍ സ്വീകാര്യത ഉണ്ടാക്കണമെന്നും മോദി പറഞ്ഞു. 'ലോകത്തെ ഇന്ത്യൻ ഉൽപ്പന്നങ്ങളാൽ നിറയ്ക്കാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ജനങ്ങളുടെ ഹൃദയത്തിൽ ഇന്ത്യൻ ഉത്പന്നങ്ങൾ ഉണ്ടായിരിക്കണം'-പ്രധാനമന്ത്രി പറഞ്ഞു.