ന്യൂഡൽഹി: രാജ്യത്തെ ബേക്കറി ഭക്ഷണത്തിലും ഭക്ഷ്യഎണ്ണകളിലും കാണുന്ന ട്രാൻസ് ഫാറ്റ് (കൃത്രിമ കൊഴുപ്പ്) അളവ് കുറയ്‌ക്കാൻ തീരുമാനം. നിലവിൽ അഞ്ച് ശതമാനം ട്രാൻസ് ഫാറ്റ് ഉപയോഗിക്കാനായിരുന്നു അനുമതി. ഇത് മൂന്ന് ശതമാനമായി കുറച്ചെന്ന് ഭക്ഷ്യ സുരക്ഷ ഗുണനിലവാര അതോറിറ്റി ( എഫ്എസ്എസ്എഐ) അറിയിച്ചു.
കൊഴുപ്പിലും എണ്ണകളിലും കാണുന്ന ട്രാൻസ് ഫാറ്റ് ക്രമത്തിൽ കുറക്കാനാണ് എഫ്.എസ്.എസ്.എ.ഐയുടെ തീരുമാനം. 2021ൽ മൂന്ന് ശതമാനമായും 2022ൽ ഇത് രണ്ട് ശതമാനമായും കുറയ്‌ക്കും. ഹൃദയസംബന്ധമായ നിരവധി അസുഖങ്ങൾക്ക് കാരണമാകുന്ന തരം കൊഴുപ്പാണ് ട്രാൻസ് ഫാറ്റ്. സസ്യ എണ്ണയോട് ഹൈഡ്രജൻ ചേർത്താണ് ഇവ നിർമ്മിക്കുന്നത്. ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണം ഏറെനാൾ സൂക്ഷിച്ചുവയ്‌ക്കാൻ കഴിയും എന്നതാണ് ഇവയുടെ ഗുണം. ബേക്കറി വിഭവങ്ങൾ ഉണ്ടാക്കുന്നതിനുളള വസ്‌തുക്കളിലും, വനസ്‌പതിയിലും ഈ കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്‌ടോബറിൽ നടന്ന എട്ടാമത് അന്താരാഷ്‌ട്ര ഷെഫ് കോൺഫറൻസിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ 'ട്രാൻസ് ഫാറ്റ് മുക്തം' ലോഗോ പ്രകാശനം ചെയ്‌തിരുന്നു. ട്രാൻസ് ഫാറ്റ് കുറച്ച് ഭക്ഷണമുണ്ടാക്കുന്ന ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഇവ പ്രദർശിപ്പിക്കും.
ഒരു വർഷം 5,40000 പേരെങ്കിലും കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ചുണ്ടാകുന്ന രോഗങ്ങളാൽ ലോകത്ത് മരണമടയുന്നുണ്ട്. രാജ്യത്ത് ഇത് ഏതാണ്ട് 60,000 വരുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.