തിരുവനന്തപുരം: വീട്ടിൽ യുവാവ് അതിക്രമിച്ച് കടന്ന സംഭവത്തിൽ കൂടുതൽ പ്രതികരണവുമായി നടൻ കൃഷ്‌ണകുമാർ. 'സംഭവത്തെ ലൈറ്റായി എടുക്കാൻ കഴിയില്ല. പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവം അവർ അന്വേഷിക്കുമ്പോൾ വിവരം കണ്ടെത്തുമെന്ന് കരുതുന്നു. ഇയാൾ മാനസിക രോഗിയാണെന്ന് കരുതുന്നതായാണ് പൊലീസ് പറയുന്നത്. പക്ഷെ മലപ്പുറത്ത് നിന്നും ഇയാൾ ഗൂഗിൾ മാപ് വഴി വീട് കണ്ടെത്തിയാണ് വന്നത്. ഒരു മാനസിക രോഗി ഒരിക്കലും ഇങ്ങനെ വരാൻ വഴിയില്ല.' കൃഷ്‌ണകുമാർ പറഞ്ഞു. മലപ്പുറം സ്വദേശിയായ ഫസിൽ ഉൾ അക്‌ബർ എന്ന യുവാവാണ് കൃഷ്‌ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്.
'എറണാകുളത്ത് മാളിൽ വച്ച് ഒരു നടിക്കെതിരായ സംഭവം ഉണ്ടായി. സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ കൂടുന്നുണ്ടോ എന്ന് സംശയമുണ്ട്. കൂടിയാൽ പ്രശ്‌നമാണ്. ഇതിനെതിരെ നമ്മളും കൃത്യമായ നിലപാടെടുക്കണം എന്നാണ് വിശ്വാസം. അതുകൊണ്ട് നിയമ നടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.' കൃഷ്‌ണകുമാർ വ്യക്തമാക്കി.
ഞായറാഴ്‌ച രാത്രി 9.30 മണിയോടെയായിരുന്നു സംഭവം. മലപ്പുറം സ്വദേശിയായ ഫസിൽ ഉൾ അക്‌ബർ നടന്റെ വീടിനുമുന്നിലെത്തി ഗേറ്റ് ചാടിക്കടന്നു. ശേഷം വാതിൽ ചവിട്ടി തുറക്കാൻ ശ്രമം നടത്തി. പത്ത് മിനിട്ടിനകം സ്ഥലത്തെത്തിയ വട്ടിയൂർക്കാവ് പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തു. മലപ്പുറത്തെ ഇയാളുടെ വീട്ടിൽ അറിയിച്ചെങ്കിലും ഇയാളെ വേണ്ടെന്ന നിലപാടാണ് അവർ സ്വീകരിച്ചതെന്നും കൃഷ്‌ണകുമാർ പറഞ്ഞു.