theatre-tamilnadu

ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം തുറന്ന തമിഴ്‌നാട്ടിലെ സിനിമ തീയേ‌റ്ററുകളിൽ ഇനി മുഴുവൻ സീ‌റ്റുകളിലും പ്രവേശനം അനുവദിക്കാൻ സർക്കാർ തീരുമാനം. മാർച്ച് മാസത്തിൽ രാജ്യമാകെ ലോക്ഡൗൺ വന്നതോടെ അടച്ച തീയേ‌റ്ററുകൾ കൊവിഡ് നിരക്കിൽ കുറവ് വന്നതോടെ നവംബർ മാസത്തിൽ തുറക്കാൻ അനുമതി നൽകി. എന്നാൽ 50 ശതമാനം പേർക്ക് മാത്രമായിരുന്നു പ്രവേശനം. ഈ തീരുമാനത്തിനാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്.

ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം മിക്ക ചിത്രങ്ങളും ഒടിടി പ്ളാ‌റ്റ്ഫോമിലൂടെയായിരുന്നു റിലീസ് ചെയ്‌തിരുന്നത്. ഇതുമൂലം തീയേ‌റ്റർ ഉടമകൾ വല്ലാതെ സാമ്പത്തിക ക്ളേശം അനുഭവിച്ചിരുന്നു. ഈ പ്രശ്‌നത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത്. സംസ്ഥാനത്തെ കൊവിഡ് രോഗബാധയിൽ വീണ്ടും കുറവ് വന്നതാണ് സർക്കാർ തീരുമാനത്തിനിടയാക്കിയത്.

തമിഴ്‌നാട്ടിൽ മാസങ്ങൾക്കകം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുകൊണ്ടും, അടുത്തയാഴ്‌ച പൊങ്കൽ ഉത്സവം നടക്കാനിരിക്കുന്നത് കൊണ്ടും കൂടിയാണ് സർക്കാർ ഈ തീരുമാനം എടുത്തിരിക്കുന്നത്. തീരുമാനം ബിഗ്‌ബജ‌റ്റ് ചിത്രങ്ങൾക്ക് വലിയ ആശ്വാസമാണ്. വിജയ്‌യുടെ 'മാസ്‌റ്റർ' ആണ് ഇത്തരത്തിൽ ആദ്യം എത്തുന്നത്. ജനുവരി 13നാണ് ചിത്രം റിലീസ് ചെയ്യുക. 2020 അവസാനം റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു മാസ്‌റ്റർ.

തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും വലിയ ചിത്രങ്ങളാണ് തീയേ‌റ്ററുകളിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുകയെന്നും ചലച്ചിത്ര നിർമ്മാതാവ് അഭിരാമി രാമനാഥൻ പറഞ്ഞു. അതിനൊപ്പം ചെറിയ ചിത്രങ്ങൾ കാണാനും തീയേ‌റ്ററിൽ ആളെത്തുമെന്ന സന്തോഷവും അവർ പങ്കുവച്ചു.

എന്നാൽ സർക്കാർ തീരുമാനത്തോട് സമൂഹമാദ്ധ്യമങ്ങളിൽ ജനങ്ങൾക്ക് സമ്മിശ്ര പ്രതികരണമാണ്. യു.കെയിൽ പുതിയ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തുകയാണ് വേണ്ടതെന്ന് ജനങ്ങൾ കരുതുന്നു. എന്നാൽ നാട്ടിൽ രാഷ്‌ട്രീയ പാർട്ടികൾ നടത്തുന്ന റാലികൾ, റോഡ്ഷോകൾ,യോഗങ്ങൾ എന്നിവയ്‌ക്ക് വന്നുചേരുന്ന ജനങ്ങളെ കാട്ടി മ‌റുവിഭാഗം ഈ വാദത്തെ എതിർക്കുന്നുമുണ്ട്.