തിരുവനന്തപുരം: യു.ഡി.എഫ്സ്വന്തം പരാജയം മൂടിവയ്‌ക്കാൻ മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുകയാണെന്ന് ഇടത് മുന്നണി കൺവീനർ എ.വിജയരാഘവൻ. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ ആശയക്കുഴപ്പമുണ്ട്. തങ്ങളുടെ നിലപാട് കോൺഗ്രസ് സമൂഹത്തിന് മുന്നിൽ വ്യക്തമാക്കണമെന്നും വിജയരാഘവൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഇടപെടൽ വർഗീയമായി സമൂഹത്തെ വഴിതിരിക്കാതിരിക്കാനുളളതായിരുന്നു. നല്ല നിലയിൽ നടക്കുന്ന സർക്കാരിനെ ദുർബലപ്പെടുത്താൻ ഗവൺമെന്റിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും യു.ഡി.എഫ് അപവാദങ്ങൾ പ്രചരിപ്പിച്ചു. എന്നാൽ കേരളജനത അത് നിരാകരിച്ചിരിക്കുകയാണെന്ന് എ.വിജയരാഘവൻ പറഞ്ഞു.
ലീഗും വെൽഫെയർ പാർട്ടിയും തമ്മിൽ ബന്ധം തുടരുകയാണ്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പരസ്‌പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ഇത് ബിജെപിയുടെ തീവ്രവാദ രാഷ്‌ട്രീയത്തിന് ന്യായീകരണം നൽകും.
വികസനത്തിലും സാമൂഹ്യ സുരക്ഷയിലുമൂന്നി ജനങ്ങൾക്കൊപ്പം നിൽക്കുന്ന സർക്കാരാണിത്. തെറ്റായ നിലപാട് ഈ നാട് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് മനസിലാക്കണമെന്ന് എ.വിജയരാഘവൻ അഭിപ്രായപ്പെട്ടു. പ്രതിപക്ഷനേതാവിന്റെ ഈ നിലപാട് കേരളത്തിലെ ജനങ്ങളോട് നടക്കില്ല. വ്യക്തതയില്ലാത്ത രാഷ്‌ട്രീയ നിലപാട് യുഡിഎഫിന്റെ സ്ഥിതി ദുർബലമാക്കുമെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
കോൺഗ്രസ് യാഥാർത്ഥ്യ ബോധത്തോടെ കേരളരാഷ്‌ട്രീയത്തെ സമീപിക്കുന്നില്ല.യു.ഡി.എഫിൽ പ്രതിസന്ധിയുണ്ട് . കൂടുതൽ സീറ്റ് ലീഗ് ചോദിക്കാൻ പോകുന്നു. എന്നാൽ എൽ.ഡി.എഫിൽ അത്തരം പ്രതിസന്ധിയില്ല. എൻസിപി ഇടത് മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കും. പാലായിൽ ഇടത് മുന്നണിയുടെ സ്ഥാനാർത്ഥിയുണ്ടാകുമെന്ന് എ.വിജയരാഘവൻ പറഞ്ഞു. സീറ്റ് കാര്യം മുന്നണി ചർച്ച ചെയ്‌തിട്ടില്ല. ജോസ് കെ മാണി യുഡിഎഫ് വിട്ട് വന്നത് ഇടത് മുന്നണിയുടെ മികച്ച തിരഞ്ഞെടുപ്പ് വിജയത്തിന് സഹായകരമായ കാര്യമാണെന്നും എ.വിജയരാഘവൻ അഭിപ്രായപ്പെട്ടു.