eee

കൈക്കുമ്പിളിൽ

നിന്ന്
പുഴയിലേക്കൂർന്നുവീണു പിടഞ്ഞ
പൂർണചന്ദ്രൻ
വെളുത്തവാവിൽ നിന്ന്
കറുത്തവാവിലേക്കുള്ള
ഓട്ടത്തിന് തയാറെടുക്കുന്നു

ദൂരെയാ പൂമ്പാറ്റക്കാട്ടിൽ
തനിച്ചുപെട്ടുപോയ
മിന്നാമിനുങ്ങ്
ദിക്കറിയാതെ ജ്വലിച്ചു നീങ്ങി.

തലതിരിഞ്ഞ ലോകത്തെ
നേരെകണ്ടു ശീലിച്ച
വവ്വാൽകൂട്ടങ്ങൾ
പകലിനെ വെറുത്ത്
രാത്രി സഞ്ചാരത്തിനൊരുങ്ങുന്നു.

കാമവും കലഹവും
ചിരിയും കണ്ണീരും
പ്രതീക്ഷകളും പുതച്ച്
വീടുകളുറങ്ങുന്നു..

പുര കത്തുമ്പോൾ
വാഴവെട്ടാനോടിയവളെയും കാത്ത്
പടിയിറങ്ങുമ്പോൾ
പൊഴിച്ചപടവുമായി
ദൂരെയൊരു വീട്
ഉറക്കം നടിച്ചു കിടപ്പുണ്ട്

പകലുണരുമ്പോഴേക്കും
പടമണിഞ്ഞ്
പതിവുപോലെ വെളുക്കെ ചിരിച്ചു തുടങ്ങണം.