കോഴിക്കോട്: കൊവിഡ് കൊണ്ടുപോയ അദ്ധ്യയന ദിനങ്ങൾ തിരിച്ചുപിടിക്കാൻ നീണ്ട അടച്ചിടലിന് വിരാമമിട്ട് ഇന്നലെ മുതൽ കോളേജുകൾ തുറന്നു. രണ്ട് ഷിഫ്റ്റുകളിലായാണ് ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ അകറ്റിയ കൂട്ടുകാരെ മാസങ്ങൾക്കുശേഷം കണ്ടതിന്റെ സന്തോഷത്തിലായിരുന്നു വിദ്യാർത്ഥികൾ.സാമൂഹ്യ അകലം കർശനമാണെങ്കിലും സാനിറ്റൈസർ മണം പരന്ന കാമ്പസിൽ മാസ്കിന്റെ മറയ്ക്കുള്ളിൽ നിന്ന് അവർ ഇന്നലെകൾ പങ്കിട്ടു. മഹാമാരിയുടെ നിഴലുകൾ പിന്തുടരുമ്പോഴും ഒട്ടും ആവേശം ചോരാത്ത ഒന്നാം ദിവസമായിരുന്നു കുട്ടികളെ കാത്തിരുന്നത്. ഷിഫ്റ്റായതിനാൽ പകുതി പേരെ കാണാനാവാത്തതിന്റെ സങ്കടം പലരുടെയും കുശലം പറച്ചലിൽ നനവ് പടർത്തി. കളിചിരിയുടെ കോളേജ് കാലം കുറെയേറെ ചോർന്നുപോയതിന്റെ നൊമ്പരം അവസാനവർഷ വിദ്യാർത്ഥികളിലുണ്ട്.
കർശന നിയന്ത്രണങ്ങളോടെയായിരുന്നു ക്ലാസുകൾ. സാനിറ്റൈസറും കൈകഴുകാനുള്ള സൗകര്യങ്ങളും എല്ലായിടത്തും സജ്ജമാക്കിയിരുന്നു. കോളേജിലെത്തിയാൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ കുട്ടികൾക്ക് നേരത്തെ നൽകിയിരുന്നു. കൂടാതെ കോളേജിലെത്തിയ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരുടെ വക ബോധവത്ക്കരണ ക്ലാസും ഉണ്ടായി. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾ തങ്ങളുടെ പ്രോജക്ടുകൾ ചെയ്യുന്നതിന് ഇളവുകൾ പ്രയോജനപ്പെടുത്തണമെന്ന് അദ്ധ്യാപകർ നിർദ്ദേശിച്ചു. കുട്ടികൾ പുതിയ സംവിധാനത്തോട് സഹകരിക്കുന്നുണ്ടെന്ന അഭിപ്രായമാണ് അദ്ധ്യാപകർ പങ്കിട്ടത്.
'സർക്കാർ നിർദ്ദേശമനുസരിച്ച് രണ്ടാഴ്ചയ്ക്കു ശേഷം വിലയിരുത്തി തുടർനടപടികളെടുക്കും' - ഡോ. ഗോഡ്‌വിൻ സാംരാജ് ഡി.പി, പ്രിൻസിപ്പാൾ, മലബാർ ക്രിസ്റ്റ്യൻ കോളേജ്
'കുറച്ചുപേരെ മാത്രമെ കണ്ടുള്ളൂ. എങ്കിലും വീണ്ടും വരാനായതിൽ സന്തോഷമുണ്ട്. കോളേജ് ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഓൺലൈനിലായി '- വിദ്യാർത്ഥികൾ, മലബാർ ക്രിസ്റ്റ്യൻ കോളേജ്