ചെന്നൈ: കത്തി കാട്ടി ബലാൽസംഗം ചെയ്യാൻ ശ്രമിച്ചയാളെ പെൺകുട്ടി അതേ കത്തി പിടിച്ചുവാങ്ങി കുത്തിക്കൊന്നു. 24 വയസുകാരനെയാണ് 19കാരിയായ പെൺകുട്ടി ആത്മരക്ഷാർത്ഥം കൊലപ്പെടുത്തിയത്. തിരുവളളൂർ ജില്ലയിലെ ഷോളാവാരത്താണ് സംഭവം.
ശനിയാഴ്‌ച രാത്രി എട്ടുമണിയോടെയാണ് സംഭവുണ്ടായതെന്ന് പൊന്നേരി ഡിഎസ്‌പി കൽപന ദത്ത് അറിയിച്ചു. ഗ്രാമത്തിലെ വഴിയിൽ വച്ച് മദ്യപിച്ച് ഉന്മത്തനായ നിലയിൽ എത്തിയ അജിത്കുമാർ പെൺകുട്ടിയെ കടന്നുപിടിച്ചു. കത്തികാട്ടി പീഡനത്തിന് തുനിഞ്ഞ ഇയാളോട് പെൺകുട്ടി വിട്ടയക്കാൻ അഭ്യർത്ഥിച്ചിട്ടും ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതോടെ ഇയാളെ തളളിമാറ്റി പെൺകുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ അജിത്തിന്റെ തല ചുമരിലിടിച്ച് കൈയിലിരുന്ന കത്തി നിലത്ത് വീണു. ഉടനെ കത്തിയെടുത്ത പെൺകുട്ടി യുവാവിന്റെ കഴുത്തിൽ കുത്തി ഇയാളെ കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌തെങ്കിലും ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്നാണ് വിവരം. ആക്രമണം തടുക്കുന്നതിന്റെ ഭാഗമായി നടന്ന പ്രതിരോധ ശ്രമമായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്തെ പ്രധാനപ്പെട്ടൊരു മോഷ്‌ടാവാണ് മരണമടഞ്ഞ അജിത്തെന്നാണ് പൊലീസ് നൽകുന്ന വിവരം.