a

അനിൽ പനച്ചൂരാൻ വിടപറയുമ്പോൾ ഒരുപിടി ഓർമ്മകൾ ബാക്കിയാകുന്നു. വളരെയധികമൊന്നും എഴുതിയില്ലെങ്കിലും പനച്ചൂരാൻ എഴുതിയതൊക്കെയും പൊന്നായിരുന്നു.

അണ്ണാറക്കണ്ണാ വാ.. പൂവാലാ.. ചങ്ങാത്തം കൂടാൻ വാ.." ഭ്രമരം എന്ന ചിത്രത്തിലെ ഈ ഗാനം ഏറ്റുപാടിയത് കേരളത്തിലെ കുട്ടികളായിരുന്നു. വളരെക്കുറച്ചു ഗാനങ്ങളെ അനിൽ പനച്ചൂരാൻ എന്ന കവി സിനിമയ്ക്കുവേണ്ടി എഴുതിയിട്ടുള്ളു.എന്നാൽ എഴുതിയത് എല്ലാം പൊന്നായിരുന്നു.അറബിക്കഥ എന്ന ചിത്രത്തിലെ ' ചോര വീണ മണ്ണിൽ നിന്നുയർന്നുവന്ന പൂമരം ' ഇടിമുഴക്കം പോലുള്ള സ്വരത്തിൽ പനച്ചൂരാൻ പാടിയപ്പോൾ കേരളം അതും ഏറ്റെടുത്തു.കെ.പി.എ.സിയുടെ നാടക ഗാനങ്ങൾക്കുശേഷം കമ്മ്യൂണിസത്തോട് ഇത്രയും ഹൃദയാഭിമുഖ്യം പുലർത്തിയ ഒരു ഗാനം ഉണ്ടായിട്ടില്ല. " നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ ആയിരങ്ങൾ ചോരകൊണ്ടെഴുതിവച്ച വാക്കുകൾ " .പോകുവാൻ ഏറെ ദൂരമുണ്ടെന്നും വഴിപിഴച്ചു പോകാതെ മിഴിതെളിച്ചു നോക്കണമെന്നും ആ പാട്ട് സഖാക്കളെ ഓർമ്മിപ്പിച്ചു.രക്തസാക്ഷികൾക്ക് ജന്മമേകിയ മനസുകൾ കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ചയായി തകർന്നുവോ എന്ന വിമർശനത്തിന്റെ സ്വരത്തിലും പാർടിയോടുള്ള ആഭിമുഖ്യമാണ് പനച്ചൂരാന്റെ തൂലിക പ്രകടമാക്കിയത്.അറബിക്കഥയിലേ തന്നെ തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്ന പാട്ടും ഹൃദ്യമായിരുന്നു.

കഥ പറയുമ്പോൾ എന്ന ചിത്രത്തിൽ വ്യത്യസ്ഥനാമൊരു ബാർബറാം ബാലനെ സത്യത്തിലാരും തിരിച്ചറി‌ഞ്ഞില്ല എന്ന പാട്ടും വൻഹിറ്റായിരുന്നു. സിനിമയുടെ കഥയ്ക്കനുസരണം പാട്ടെഴുതാൻ പനച്ചൂരാന് പ്രത്യേക വൈഭവം തന്നെയുണ്ടായിരുന്നു.പക്ഷേ അവസരങ്ങൾ അതിനനുസരിച്ച് വന്നില്ലെന്നു മാത്രം. പനച്ചൂരാന്റെ ജീവിതശൈലി വ്യത്യസ്ഥമായിരുന്നു.അവസരങ്ങൾക്കു പിന്നാലെ ഓടാൻ ഒരിക്കലും അദ്ദേഹം തയ്യാറായിരുന്നില്ല.

ലാൽജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകത്തിൽ " എന്റമ്മേടെ ജിമുക്കി കമ്മൽ ' എന്ന ഗാനത്തോട് യോജിച്ചാലും വിയോജിച്ചാലും ആ പാട്ട് ലോകം ഏറ്റെടുക്കുകയായിരുന്നു.ഒരു വർഷം 16 പാട്ടുകൾ വരെ എഴുതിയിട്ടുണ്ട് അനിൽ പനച്ചൂരാൻ. സിനിമ ചെയ്യാനുള്ള ഒരുക്കത്തിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി യാത്രയായത്.

അനിൽ പനച്ചൂരാനെക്കുറിച്ച് എഴുത്തുകാരിയായ സുധക്കുട്ടി ഇട്ട എഫ് .ബി പോസ്റ്റ് ശ്രദ്ധേയമായിരുന്നു. കമ്മ്യൂണിസത്തിൽ നിന്ന് അകന്നു പോയ പനച്ചൂരാന്റെ ചിത്രമാണ് അതിൽ പ്രതിഫലിച്ചത്.

സുധക്കുട്ടി എഴുതിയത്. " ഇസങ്ങളുടെ പുതപ്പെടുത്ത് ആ മൃതശരീരത്തെ മൂടരുത് . ചോരവീണ മണ്ണിൽ നിന്ന് ഉയർന്ന് വന്ന പൂമരം എന്നൊക്കെ ഒരാവേശത്തിന് പാടി കൊൾക. അയാൾ അതൊക്കെ എന്നേ വിട്ടിരുന്നു.

എന്റെ ജോലിയിടത്ത് വന്നിരുന്ന് എണ്ണിപ്പറഞ്ഞ നെറികേടുകൾ എത്രയെത്ര ? ആ സ്ഥാപനത്തിൽ നിന്നും ഞാൻ പടിയിറങ്ങിയ ശേഷമാണ് ഉപാദ്ധ്യക്ഷനായി അനിൽ ചുതലയേറ്റത്. യു ഡി എഫ് സർക്കാരിന്റെ കാലത്ത് .

a

ആ പദവി കൊണ്ട് എന്താണ് ഗുണം എന്ന് ചോദിച്ച് അനിൽ എന്നെ വിളിച്ചു. ടി.പി. രാജീവൻ എന്ന എഴുത്തുകാരൻ അന്ന് സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസിലുണ്ടായിരുന്നല്ലോ. അതാവാം അത്തരത്തിലൊരു നീക്കം എന്ന് ഞാൻ ഊഹിച്ചു .

പേരിന് മാത്രമുള്ള അത്തരം ഒരു കസേര അയാളുടെ ജീവിത പ്രശ്നങ്ങൾക്ക് ഉത്തരമല്ല എന്ന് എനിക്കറിയാമായിരുന്നു . അധികാരവും പണവും ആ കസേരയ്ക്ക് ഉണ്ടായിരുന്നില്ല. സ്വന്തം വാഹനത്തിൽ വഹിക്കുന്ന പദവി എഴുതിവച്ച് സായൂജ്യമടഞ്ഞ മുരളി എന്ന നടന്റെ കാര്യമാണ് ഓർമ വന്നത്. സർക്കാർ വച്ചു നീട്ടിയ അലങ്കാര പദവിയെക്കാൾ എത്രയോ മുകളിലായിരുന്നു ആ നടൻ. പരിവേഷങ്ങൾ , പരിരംഭണങ്ങൾ അതൊരു ബലഹീനതയാണ് പലർക്കും.

സ്ഥാപന സെക്രട്ടറിയായ ബാലു കിരിയത്ത് എന്ന സിനിമാക്കാരനും പനച്ചൂരാൻ എന്ന കവിയും എത്രമാത്രം പൊരുത്തപ്പെട്ടു പോകും എന്ന ആശങ്കയും എനിക്കുണ്ടായി. അക്കാലത്ത് ബാലുവും അനിലും ഇടയ്ക്കിടെ വിളിച്ചിരുന്നതോർക്കുന്നു .

കവിയായിരിക്കുക എന്നത് നല്ല കാര്യമാണ്. ജീവിക്കാൻ സുരക്ഷിതമായൊരു തൊഴിൽ കവിക്ക് ഉണ്ടായിരിക്കുക അതിലും നല്ല കാര്യമാണ്. വിശ്വസിച്ച് ഒപ്പമിറങ്ങിയ ഒരു പെണ്ണ് കൂടെയുള്ളപ്പോൾ പ്രത്യേകിച്ചും.

ഇന്നലെ ഒരമ്മയുടെയും മകളുടെയും തേങ്ങലാണ് ഞാൻ കേട്ടത്. മരിച്ചവന് ദുഃഖമില്ലല്ലോ.

" ചിത ശാന്തമായ്, ഞാൻ വേട്ട - പെണ്ണിൻ കൊച്ചു ഹൃദയത്തിലേ - യ്ക്കതിൻ നാളങ്ങൾ പറന്നു പോയി " എന്ന ഓ.എൻ.വി കവിത വീണ്ടും ഓർത്തു പോയി.

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ കഴിയാതെ താളം തെറ്റി, സ്വയം ഉഴുത് മറിഞ്ഞ് കവിതാസ്വാദകരുടെ മനസ്സിലേയ്ക്ക് കുറച്ച് കനലുകൾ വാരിയെറിഞ്ഞ് അനിലും യാത്രയായി.

വിട.

സുധക്കുട്ടി. ജനുവരി നാല് .