തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം എട്ടാം തീയതി തുടങ്ങാനിരിക്കെ സ്‌പീക്കറെ മാറ്റണമെന്ന ആവശ്യവുമായി പ്രതിപക്ഷം വീണ്ടും രംഗത്ത്. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുളള അടുത്ത ബന്ധം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എം ഉമ്മർ എംഎൽഎ ആണ് നോട്ടീസ് നൽകിയത്. നേരത്തെ ഇതേ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. അന്ന് സർക്കാരിനെതിരായ അവിശ്വാസത്തിന്റെ ഭാഗമായാണ് സ്‌പീക്കർക്കെതിരെ പ്രതിപക്ഷം നോട്ടീസ് നൽകിയത്.
ഡോളർ അടങ്ങിയ ബാഗ് സ്‌പീക്കർ തങ്ങൾക്ക് കൈമാറിയെന്ന് സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയും സരിത്തും നിർണായക മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌പീക്കറെ ചോദ്യം ചെയ്യാൻ കസ്‌റ്റ തയ്യാറെടുക്കവെയാണ് പ്രതിപക്ഷം നോട്ടീസ് നൽകിയിരിക്കുന്നത്.
സ്വർണക്കടത്തിന്റെ ഭാഗമായ ഡോളർ കടത്തിൽ ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നത വ്യക്തി തന്നെ ഉൾപ്പെട്ടതോടെ വിദഗ്ദ്ധ നിയമോപദേശം കൂടി സ്വീകരിച്ചായിരിക്കും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ തുടർ നടപടികൾ. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സ്‌പീക്കറെ മറ്റ് അന്വേഷണ ഏജൻസികളും ചോദ്യം ചെയ്യാൻ സാദ്ധ്യതയുണ്ട്.