shortfilm

ജനിച്ച മണ്ണിന്റെ ഉൾത്തുടിപ്പ് അറിയുകയും നഗരവത്കരണത്തിന്റെ അതിപ്രസരത്തിൽ ആ മണ്ണിനെ കുറിച്ച് ആകുലപ്പെടുകയും ചെയ്യുന്ന കല്ലാളന്റെ കഥയാണ് കൗമുദി ഷോർ‌ട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച കാപ്പുകോൽ എന്ന ഹ്രസ്വചിത്രം.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധമാണ് കാപ്പുകോലിന്റെ ഇതിവൃത്തം. കാടിന് സമീപത്ത് ഏറുമാടത്തിൽ താമസിക്കുന്ന കല്ലാളൻ കാടിന്റെ കാവൽക്കാരൻ കൂടിയാണ്. മണ്ണിനെയും കാടിനെയും അശാസ്ത്രീയമായ വഴികളിലൂടെ ഉപയോഗിക്കുന്നതിലൂടെയുണ്ടാകുന്ന വിപത്തുകളെ കുറിച്ച് ആധുനിക തലമുറയെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് കല്ലാളന്റേത്. എന്നാൽ അവയെല്ലാം ചെന്നുപതിക്കുന്നത് ബധിര കർണങ്ങളിലാണ്. ഇതോടൊപ്പം മൃഗങ്ങളെ കെണിവച്ചു പിടിക്കുന്ന മനുഷ്യന്റെ ചെയ്തികളെയും കല്ലാളൻ എതിർക്കുന്നുണ്ട്. എന്നാൽ,​ ഒറ്റയാൾ പോരാട്ടം നടത്തുന്ന കല്ലാളന് ഒരാളിൽ നിന്നുപോലും പിന്തുണ ലഭിക്കുന്നില്ല.

വിനു നാരായണനാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. സുഭാഷ് വനശ്രീയുടെ കഥയ്ക്ക് രാമചന്ദ്രൻ തിരക്കഥയൊരുക്കിയിരിക്കുന്നു. കല്ലാളനെ അവതരിപ്പിച്ച സുരഭി ഇയ്യക്കാട് വേറിട്ടു നിൽക്കുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്. രമചന്ദ്രൻ,​ സുഭാഷ് വനശ്രീ,​ മധു കൂട്ടിക്കൽ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.