niger

നൈഗർ: പടിഞ്ഞാറൻ നൈജറിലെ രണ്ട് ഗ്രാമങ്ങളിലായി നടന്ന ഭീകരവാദ ആക്രമണത്തിൽ നൂറോളം പ്രദേശവാസികൾ കൊല്ലപ്പെട്ടു. 75 ഓളം പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിന്റെ മാലി അതിർത്തിയോട് ചേർന്ന ഗ്രാമങ്ങളിൽ ശനിയാഴ്ചയായിരുന്നു ആക്രമണം. നൈജർ പ്രധാനമന്ത്രി ബ്രിഗി റാഫിനിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ രണ്ടാം ഘട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം.

നൂറോളം മോട്ടോർ സൈക്കിളുകളിലായി എത്തിയ ഭീകരരാണ് ഇരു ഗ്രാമങ്ങളിലും ആക്രമണം നടത്തിയത്. ആക്രമണം നടന്ന ഗ്രാമങ്ങൾ തമ്മിൽ ഏഴ് കിലോമീറ്റർ ദൂരമാണ് ഉള്ളത്.. ഇവിടെ ആക്രമണം നടത്താൻ രണ്ട് നിരകളായി പിരിഞ്ഞാണ് ഭീകരർ എത്തിയത്. ഗ്രാമവാസികൾ രണ്ടു ഭീകരവാദികളെ കൊലപ്പെടുത്തിയതോടെയാണ് ആക്രമണം ആരംഭിച്ചത്. ആക്രമണത്തെ തുടർന്ന് സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചു.

കഴിഞ്ഞ ആഴ്ച നടന്ന നൈജറിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷി സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ മുഹമ്മദ് ബസൂം വിജയിച്ചിരുന്നു. ജിഹാദികൾക്കെതിരായ പോരാട്ടം ശക്തമാക്കുമെന്ന് ബസൂം അന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. നൈജർ,​ മാലി,​ ബർകിന ഫാസോ എന്നിവയുടെ അതിർത്ഥികൾ കൂടിച്ചേരുന്ന സ്ഥലത്താണ് ഇരു ഗ്രാമങ്ങളും സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്ത് വർഷങ്ങളായി ജിഹാദി ആക്രമണങ്ങൾ നേരിടുന്ന പ്രദേശങ്ങളാണ്.