ആലിബാബ സ്ഥാപകന്റെ ആസ്തി 3.74 ലക്ഷം കോടി രൂപ
ന്യൂഡൽഹി: ചൈനീസ് ശതകോടീശ്വരനും ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബയുടെ സ്ഥാപകനുമായ ജാക്ക് മായെ (56) രണ്ടുമാസമായി 'കാണാനില്ല". ഒക്‌ടോബറിൽ ഷാങ്ഹായിൽ നടന്നൊരു ചടങ്ങിൽ ചൈനീസ് സർക്കാരിനെയും പ്രസിഡന്റ് ഷീ ജിൻപിംഗിനെയും മാ രൂക്ഷമായി വിമർശിച്ചിരുന്നു.
ഇതിൽ പ്രകോപിതനായ ഷീ ജിൻപിംഗ്, അദ്ദേഹത്തിനും കമ്പനിക്കും എതിരെ കടുത്ത നടപടികൾക്ക് നേരിട്ട് ഉത്തരവിട്ടിരുന്നു. തുടർന്നാണ്, മായെ കാണാതായത്. നവംബർ മുതൽ മാ പൊതുവേദികളിൽ വന്നിട്ടില്ല. അദ്ദേഹം നടത്തുന്ന ടാലന്റ് പരിപാടിയായ 'ആഫ്രിക്കാസ് ബിസിനസ് ഹീറോസിന്റെ" അവസാന എപ്പിസോഡിൽ ജഡ്‌ജിയായി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനനിമിഷം പിന്മാറി. പരിപാടിയുടെ വെബ്‌സൈറ്റിൽ നിന്ന് അദ്ദേഹത്തിന്റെ ചിത്രവും മാറ്റി.
മായെ ചൈനീസ് സർക്കാർ തടവിലാക്കിയതാകാം അല്ലെങ്കിൽ മാ ചൈനയിൽ നിന്ന് മുങ്ങിയതാകാം, ഒരുപക്ഷേ, കൊല്ലപ്പെട്ടിരിക്കാം! എന്നിങ്ങനെ ആഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഒക്‌ടോബർ 10ന് ശേഷം മാ ട്വിറ്ററിലും വന്നിട്ടില്ല.
ബ്ളൂംബെർഗ് ലോക ശതകോടീശ്വര പട്ടികപ്രകാരം 5,060 കോടി ഡോളർ (3.74 ലക്ഷം കോടി രൂപ) ആസ്‌തിയുമായി 25-ാം സ്ഥാനത്താണ് മാ.
പാർട്ടിയെ ചൊടിപ്പിച്ച മാ
ചൈനീസ് ബാങ്കുകളുടെയും വിപണി നിയന്ത്രണ ബോർഡുകളുടെയും പ്രവർത്തനം നിയന്ത്രിക്കുന്നത് പുരാതന ആശയങ്ങളുള്ള കിഴവന്മാരാണെന്നും യുവതലമുറയ്ക്ക് പ്രയോജനപ്പെടുംവിധം മാറ്റം വേണമെന്നും ജാക്ക് മാ പരസ്യവിമർശനം നടത്തിയത് ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടിയെയും പ്രസിഡന്റ് ഷീയെയും ചൊടിപ്പിച്ചു. അദ്ദേഹത്തെ ഹീറോയായി ആരാധിച്ചിരുന്ന ചൈനക്കാരുടെ വികാരവും എതിരായെന്ന് റിപ്പോർട്ടുകളുണ്ട്. ഇതോടെ, ആലിബാബയ്ക്കെതിരെ 'ഇന്റർനെറ്റ് കുത്തക മേധാവിത്വം" ആരോപിച്ച് സർക്കാർ അന്വേഷണം തുടങ്ങി. മായുടെ ഫിൻടെക് കമ്പനിയായ ആൻഡ് ഗ്രൂപ്പിന്റെ ലോക റെക്കാഡ് സൃഷ്‌ടിക്കുമായിരുന്ന 3,700 കോടി ഡോളറിന്റെ (ഏകദേശം 3 ലക്ഷം കോടി രൂപ) പ്രാരംഭ ഓഹരി വില്പനയും സർക്കാർ തടഞ്ഞു. മായോട് രാജ്യം വിടരുതെന്നും ഉത്തരവിട്ടിരുന്നു.
$1,200 കോടി
സർക്കാർ അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ ആലിബാബ, ആൻഡ് ഗ്രൂപ്പുകളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞിരുന്നു. മായുടെ ആസ്‌തിയിൽ നിന്നുമാത്രം ഒക്‌ടോബറിന് ശേഷം കൊഴിഞ്ഞത് 1,200 കോടി ഡോളറാണ് (88,000 കോടി രൂപ). ചൈനീസ് ശതകോടീശ്വരന്മാരിൽ ഒന്നാംസ്ഥാനത്തു നിന്ന് മൂന്നാംസ്ഥാനത്തേക്ക് മാ വീണു.