തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ തകർച്ചയ്‌ക്ക് പരിഹാരമായി ചെറിയ മാറ്റങ്ങൾ മതിയെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ ഹൈക്കമാന്റിനെ അറിയിച്ചു. കെ സുധാകരനും രമേശ് ചെന്നിത്തലയുമാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. നേതൃമാറ്റം വേണമെന്ന് ഒരുകൂട്ടം നേതാക്കൾ നിരന്തരം ആവശ്യപ്പെടുമ്പോഴാണ് മുതിർന്ന നേതാക്കളുടെ ഈ അഭിപ്രായമെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പന്തളത്തെ പരാജയത്തിന് കാരണമായ തെറ്റ് തിരുത്തിയെങ്കിൽ ബിജെപി ഇത്തവണ അവിടെ നേട്ടമുണ്ടാക്കില്ലായിരുന്നെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അഭിപ്രായപ്പെട്ടു. സംഘടനാ നേതൃത്വത്തിൽ സമഗ്ര മാറ്റവും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം വരുന്ന തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് വേണ്ട പരിഗണന നൽകുമെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ അറിയിച്ചു.
കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും ബ്ളോക്ക് കമ്മിറ്റികളുടെയും പ്രവർത്തന റിപ്പോർട്ട് ഹെക്കമാന്റ് ആവശ്യപ്പെട്ടു. പ്രവർത്തനം മോശമായിട്ടുളള കമ്മിറ്റികൾ ഉടൻ പുനസംഘടിപ്പിക്കും. ബൂത്ത് കമ്മിറ്റിയോഗവും ചേരാൻ തീരുമാനിച്ചു. ജനറൽ സെക്രട്ടറിമാരുടെയും വൈസ്‌പ്രസിഡന്റുമാരുടെയും യോഗത്തിലായിരുന്നു വലിയ മാറ്റങ്ങൾ വേണ്ടെന്ന് സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടത്.